തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ സി ആന്റ് എ ജിയ്ക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെറുതെ കേട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കും സിഎജി ഇത് പറഞ്ഞിട്ടുണ്ടാകുക. എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചല്‍ പദ്ധതിയുമായാണ് വിഴിഞ്ഞം പദ്ധതിയെ താരതമ്യം ചെയ്തിരിക്കുന്നത്. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ മാകൃക കരാര്‍ പരിഗണിച്ചാണ് 40 വര്‍ഷത്തെ ടെണ്ടര്‍ വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. കരാറിനെക്കുറിച്ച് പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നു. പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും ഉദ്യോഗസ്ഥരെ ബലിയാടാക്കില്ലെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. വിഴിഞ്ഞം കരാറില്‍ അദാനിക്ക് വഴിവിട്ട സഹായം നല്‍കിയിട്ടില്ല. അദാനിയെ സഹായിക്കാന്‍ വളരെയേറെ കാര്യങ്ങള്‍ നടത്തിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോഴത്തെ കരാര്‍ അനുസരിച്ച് ഒന്നാം ഘട്ടത്തില്‍ മാത്രമാണ് കമ്പനിക്ക് ധനസഹായം ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ കമ്പനി തന്നെ മുഴുവന്‍ പണവും മുടക്കണം. 40 വര്‍ഷത്തെ കരാറില്‍ പതിനഞ്ചാമത്തെ വര്‍ഷം മുതല്‍ നമുക്ക് വരുമാനം ലഭ്യമാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തുറമുഖം വന്നുകഴിഞ്ഞാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ പ്രവചനാതീതമാണ്. കൊളംബോ പോലെയുള്ള രാജ്യാന്തര തുറമുഖങ്ങളുമായാണ് വിഴിഞ്ഞം മല്‍സരിക്കുക. ഇന്ത്യയിലെ പ്രധാന തുറമുഖമായി ഇത് മാറുമെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.