സർക്കാരിനെതിരെ ഉമ്മൻചാണ്ടി നിയമോപദേശം അംഗീകരിക്കരുത് ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെ ലംഘനം രാഷ്ട്രീയ ഇടപെടൽ മറയ്ക്കാൻ ശ്രമം
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജ്ജിനെ പ്രതിയാക്കേണ്ട എന്ന നിയമോപദേശം അംഗീകരിക്കുന്നത് ജനങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പിന്റെ ലംഘനമെന്ന് ഉമ്മൻചാണ്ടി. രാഷ്ട്രീയ ഇടപെടൽ മറച്ചു വയ്ക്കാനാണ് പിണറായി വിജയന്റെ ശ്രമം. കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുന്നിലെത്തിക്കും എന്ന് പറഞ്ഞിട്ട് ഇപ്പോൾ പിന്നോട്ട് പോകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മുൻഎറണാകുളം റൂറൽ എസ്.പി എ.വി.ജോർജിനെ പ്രതി ചേർക്കേണ്ടതില്ലെന്ന് പൊലീസിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍ ആണ് നിയമോപദേശം നൽകിയത്.
കസ്റ്റഡി മരണക്കേസിൽ ക്രിമിനൽ കുറ്റമൊന്നും എസ്.പി ചെയ്തതിന് തെളിവില്ലെന്ന് ഡിജിപിയുടെ ഓഫീസ് നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇതേ തുടർന്ന് കേസിൽ എ.വി.ജോർജ്ജിനെ പ്രതിയാക്കേണ്ടതില്ലെന്ന് കേസ് അന്വേഷിക്കുന്ന ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചതായാണ് വിവരം.
സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ എസ്.പി ആർടിഎഫ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതെന്നായിരുന്നു പൊലീസ് കസ്റ്റഡിയിൽ കൊലപ്പെട്ട ശ്രീജിത്തിന്റെ കുടുംബവും പ്രതിപക്ഷവും ബിജെപിയും ആരോപിച്ചിരുന്നത്. എന്നാൽ കേസിൽ ആർടിഎഫ് ഉദ്യോഗസ്ഥർക്കും വാരാപ്പുഴ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും മാത്രമാണ് പങ്ക് എന്നായിരുന്നു സർക്കാർ കോടതിയില്‍ സ്വീകരിച്ച നിലപാട്.
വാരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീട്ടിൽ കയറി അക്രമം നടത്തിയ സംഘത്തിലെ അംഗമെന്ന് തെറ്റിദ്ധരിച്ചാണ് റൂറൽ എസ്പിയുടെ കീഴിലുള്ള ടൈഗർ ഫോഴ്സ് അംഗങ്ങൾ ശ്രീജിത്തിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിൽ വച്ചും പിന്നീട് സ്റ്റേഷനിൽ വച്ചുമുള്ള മർദ്ദനത്തിൽ ശ്രീജിത്ത് കൊല്ലപ്പെടുകയായിരുന്നു.
