രാഷ്ട്രീയകാര്യസമിതി നീണ്ടുപോകാനുള്ള കാരണം ഉമ്മന്‍ചാണ്ടിയുടെ അസൗകര്യമാണെന്ന് വിഎം സുധീരന്‍ പരസ്യമാക്കിയതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ പരസ്യമറുപടി. ഡിസിസി പ്രസിഡണ്ട് നിയമനത്തിലാണ് എ ഗ്രൂപ്പിന്റെ പരാതിയെങ്കിലും അത്  ഉമ്മന്‍ചാണ്ടി പരസ്യമായി സമ്മതിക്കാത്തതും തന്ത്രം. പുതുതലമുറയെ എതിര്‍ക്കുന്നുവെന്ന എതിര്‍ ചേരിയുടെ വിമര്‍ശനം പ്രതിരോധിക്കലാണ് ലക്ഷ്യം. 

രാഷ്ട്രീയകാര്യസമിതി വിളിക്കാന്‍ കെപിസിസി നേതൃത്വത്തോട്  എ ഗ്രൂപ്പ് തുടര്‍ച്ചയായി ആവശ്യപ്പെടുന്നത് സുധീരനെ സമ്മര്‍ദ്ദത്തിലാക്കാനാണ്. തങ്ങളെ പഴിചാരി യോഗം നീട്ടേണ്ടെന്നും പറയുമ്പോഴും യോഗത്തില്‍ പങ്കെടുക്കുമെന്ന ഉറപ്പ് ഉമ്മന്‍ചാണ്ടി ഇപ്പോഴും നല്‍കുന്നില്ല. 

തുടരുന്ന നിസ്സഹകരണവും പ്രകടമാക്കുന്ന അതൃപ്തിയും വഴി ഹൈക്കമാന്‍ഡിന്റെ ഇടപെടലാണ് എ ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് തന്നെയാണ്  ഉദ്ദേശം. പാര്‍ട്ടിയിലെ മേധാവിത്വം പൂര്‍ണ്ണമായും പോകും മുന്പ് തെരഞ്ഞെടുപ്പിലൂടെ  കരുത്ത് തെളിയിച്ച് പാര്‍ട്ടി പിടിക്കല്‍ തന്നെയാണ് എ ക്യാമ്പിന്റെ ലക്ഷ്യം.