Asianet News MalayalamAsianet News Malayalam

പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ടുവാരി മതിൽ കെട്ടരുത്; മുഖ്യമന്ത്രിയോട് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രിയോട് ഒരു അഭ്യർഥനയുള്ളത്, സമൂഹത്തിലെ ഏറ്റവും ദുർബലരായ സ്ത്രീകളിൽ നിന്നും നടത്തുന്ന നിർബന്ധിത പിരിവ് ദയവായി ഉപേക്ഷിക്കണം.  ഗുരുതരമായ തെറ്റാണ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ടുവാരി മതിൽ കെട്ടിപ്പടുക്കുന്നത്. 

oommen chandy against woman wall
Author
Thiruvananthapuram, First Published Dec 26, 2018, 11:52 AM IST

തിരുവനന്തപുരം: രണ്ടാഴ്ചയിലേറെയായി സര്‍ക്കാര്‍ മെഷിനറികളുടെ പൂര്‍ണ്ണ ശ്രദ്ധ വനിതാ മതില്‍ വിജയിപ്പിക്കാനാണെന്നും ഇതിന്റെ പത്ത് ശതമാനം താല്പര്യം കാണിച്ചിരുന്നുവെങ്കിൽ പ്രളയം ബാധിച്ച ജനങ്ങളുടെ എല്ലാ പ്രയാസങ്ങളും ഇതിനോടകം പരിഹരിക്കാൻ കഴിയുമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സർക്കാർ പണം മതിലിനായി ചെലവഴിക്കുമെന്നും, ഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സർക്കാർ ഇപ്പോൾ മതിൽ വിജയിപ്പിക്കാനായി നഗ്നമായ അധികാര ദുർവിനിയോഗമാണ് നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
 
ആശ വർക്കേഴ്സ്, കുടുംബശ്രീ, അംഗനവാടി പ്രവർത്തകർ, അയൽക്കൂട്ടം, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി പാവപ്പെട്ട സ്ത്രീകളിൽനിന്നും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ നിന്നും നിർബന്ധമായി പ്രാദേശിക പാർട്ടി നേതാക്കൾ പണം പിരിക്കുന്നതായി വ്യാപകമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒറ്റപ്പാലത്ത് നിർബന്ധിത പിരിവിനെക്കുറിച്ച് അന്വേഷിക്കുകയും ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു എന്നാണു പത്രവാർത്ത.

മുഖ്യമന്ത്രിയോട് ഒരു അഭ്യർഥനയുള്ളത്, സമൂഹത്തിലെ ഏറ്റവും ദുർബലരായ സ്ത്രീകളിൽ നിന്നും നടത്തുന്ന നിർബന്ധിത പിരിവ് ദയവായി ഉപേക്ഷിക്കണം. സർക്കാർ ഫണ്ട് വിനിയോഗിക്കുന്നതിനെക്കാൾ ഗുരുതരമായ തെറ്റാണ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ടുവാരി മതിൽ കെട്ടിപ്പടുക്കുന്നത്. ഇതിനോടകം മതിലിന്റെ പേരിൽ അനാവശ്യമായ ചേരിതിരിവും സംഘർഷങ്ങളും സമൂഹത്തിൽ ഉണ്ടായിക്കഴിഞ്ഞു. ഈ വർഗ്ഗീയ മതിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Follow Us:
Download App:
  • android
  • ios