തിരുവനന്തപുരം: കെപിസിസി പട്ടിക സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ വീണ്ടും പൊട്ടിത്തെറി. പട്ടികയിൽ നിന്ന് പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കിയാൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ട്.

എ ഗ്രൂപ്പിലെ പ്രമുഖ യുവ നേതാവായ വിഷ്ണുനാഥ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിച്ച് തോറ്റിരുന്നു. എഐസിസി അംഗമായ വിഷ്ണുനാഥിന് നിലവിൽ കെ.സി.വേണുഗോപാലിന് ഒപ്പം കർണാടകയുടെ ചുമതല കൂടിയുണ്ട്.

വനിതാ-യുവജന പ്രാതിനിധ്യം കുറഞ്ഞുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് കെപിസിസി നൽകിയ ആദ്യ പട്ടികയിൽ മാറ്റങ്ങൾ വേണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. തങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാതെയാണ് പട്ടിക തയാറാക്കിയതെന്ന് എംപിമാരും ഹൈക്കമാൻഡിനെ അറിയിച്ചതോടെയാണ് സമവായം വൈകിയത്. 

പിന്നീട് എ.കെ.ആന്‍റണിയും മുല്ലപ്പള്ളി രാമചന്ദ്രനും മുൻകൈയെടുത്ത് ചർച്ചകൾ നടന്നുവെങ്കിലും സമവായത്തിൽ എത്തിയിരുന്നില്ല. ഇതിനിടെയാണ് എ ഗ്രൂപ്പിലെ ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനായ വിഷ്ണുനാഥിനെ പട്ടിക‍യിൽ നിന്നും നീക്കാൻ ശ്രമമുണ്ടെന്ന് തരത്തിൽ വാർത്തകൾ പുറത്തുവന്നത്.