പാര്‍ട്ടിയുടെ തീരുമാനം എല്ലാവരും ഒറ്റക്കെട്ടായി അംഗീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി.  കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ആര്‍ക്കും അഭിപ്രായം പ്രായനുളള സ്വതന്ത്ര്യമുണ്ട്. പക്ഷേ നേത്യത്വം ഒരു തീരുമാനം എടുത്താല്‍ ആ തീരുമാനത്തെ എല്ലാവരും അംഗീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.  

തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനം എല്ലാവരും ഒറ്റക്കെട്ടായി അംഗീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ആര്‍ക്കും അഭിപ്രായം പ്രായനുളള സ്വതന്ത്ര്യമുണ്ട്. പക്ഷേ നേത്യത്വം ഒരു തീരുമാനം എടുത്താല്‍ ആ തീരുമാനത്തെ എല്ലാവരും അംഗീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. എം എം ഹസ്സന്‍ താല്‍ക്കാലികമായിട്ടാണ് അധ്യക്ഷ സ്ഥാനത്തേക്ക് വന്നതെങ്കിലും നല്ല രീതിയില്‍ തന്നെ അദ്ദേഹത്തിന്‍റെ ചുമതല നിര്‍വഹിച്ചു. വ്യക്തികള്‍ക്കും ഗ്രൂപ്പിനുമല്ല പാര്‍ട്ടിക്കാണ് പ്രാധാന്യം. മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്‍റ് ആയതില്‍ സന്തോഷമെന്നും ഉമ്മന്‍ ചാണ്ടി പറ‌ഞ്ഞു. 

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി രാഹുൽ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കണമെന്ന എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിര്‍ദേശത്തിന് രാഹുൽ ഗാന്ധി ചെവി കൊടുത്തു. സാമുദായിക സമവാക്യം പാലിക്കാനും പുതിയ പട്ടികയിൽ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശ്രദ്ധിച്ചു. എം എം ഹസന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്പോള്‍ എം ഐ ഷാനാവാസിനെ വര്‍ക്കിംഗ് പ്രസിഡന്‍റാക്കി. മുല്ലപ്പള്ളിക്കൊപ്പം അധ്യക്ഷസ്ഥാനത്തേയ്ക്ക് സജീവമായി പരിഗണിക്കപ്പെട്ടവരായിരുന്നു കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും. ഇവരെയും വര്‍ക്കിംഗ് പ്രസിഡന്‍റുമാരാക്കുന്നതിലൂടെ ഇരുവര്‍ക്കുമായി വാദിച്ചവരെയും രാഹുൽ ഗാന്ധി തൃപ്തിപ്പെടുത്തി. കെ മുരളീധരനെ നേതൃപദവിയിൽ എത്തിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനാക്കിയത്. ബെന്നി ബെഹ്നാനെ യുഡിഎഫ് കണ്‍വീനറക്കാനും ധാരണയുണ്ട്. മുന്നണി വിഷയമായതിൽ ഇക്കാര്യത്തിൽ പ്രഖ്യാപനം കേരളത്തിലുണ്ടാകും. അതേസമയം പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പിച്ചിരുന്ന വി ഡി സതീശനെ പരിഗണിച്ചില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ മികച്ച വിജയത്തിലെത്തിക്കുകയെന്നതാണ് പുതിയ നേതൃത്വത്തിന്‍റെ പ്രധാന ചുമതല. തിരിച്ചടിയുണ്ടായാൽ കെ.പി.സി.സി നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പും ഹൈക്കമാന്‍റ് നല്‍കുന്നു.