അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മനുഷ്യാവകാശ കമ്മീഷനംഗം പി മോഹൻദാസും ആവശ്യപ്പെട്ടു
വയനാട്/കൊച്ചി: സംസ്ഥാനത്ത് അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹർത്താൽ നടത്തി ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. അത് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ടാകരുതെന്നും ഉമ്മന്‍ചാണ്ടി വയനാട് പറഞ്ഞു.
ഹർത്താൽ ആഹ്വാനങ്ങൾ ജനം തള്ളിക്കളയണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം പി മോഹൻദാസും അഭിപ്രായപ്പെട്ടു. ഹർത്താലിനെതിരെ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഹർത്താൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പ്രതിഷേധത്തിന് പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്നും പി മോഹൻദാസ് കൊച്ചിയില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ മൂന്ന് ഹര്‍ത്താലുകളാണ് ബിജെപി ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം ബിജെപി നടത്തിയ ഹര്‍ത്താലില്‍ അയ്യപ്പ ഭക്തരടക്കം നിരവിധി യാത്രികരാണ് ദുരിതമനുഭവിച്ചത്. പെട്ടന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരീക്ഷകള്‍ മാറ്റി വച്ചത് വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിലാക്കിയിരുന്നു.
