കോഴിക്കോട്: വിഎസിന്റെ ആരോപണങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഔദ്യോഗിക രേഖകളാണെന്നും അതിനാല്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടാണ് പിണറായി വിജയന്‍ തനിക്കെതിരെ ആര്‍എസ്എസ് ബന്ധമുന്നയിക്കുന്നതെന്നും കോഴിക്കോട് മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

തനിക്കും മന്ത്രിമാര്‍ക്കുമെതിരെ 136 കേസുകള്‍ ഉണ്ടെന്ന വിഎസിന്റെ ആരോപണത്തിന്‍മേല്‍ കടുത്ത നിലപാടിലേക്ക് മുഖ്യമന്ത്രി നീങ്ങുകയാണ്. രണ്ട് ദിവസത്തിനകം പ്രസ്താവന തിരുത്തിയില്ലെങ്കില്‍ വിഎസിനെതിരെ നിയമനടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ താന്‍ ആര്‍എസ്എസ് സഹായം തേടിയെന്ന പിണറായിയുടെ പ്രസ്താവന ദുഷ്‌ടലാക്കോടെയാണെന്നും, ഗൂഡാലോചന നടന്നുവെങ്കില്‍ വിവരങ്ങള്‍ പുറത്ത് വിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബിഡിജെഎസുമായി സഖ്യമുണ്ടെന്ന ഇടത്മുന്നണിയുടെ ആരോപണം തെറ്റാണ്. മണ്ണാര്‍ക്കാട് എംഎല്‍എയെ തോല്‍പിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് എന്‍ ഷംസുദ്ദീന്‍ നല്ല എംഎല്‍എയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലാപാടാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ ഡിജിപി ജേക്കബ്ബ് തോമസിന്‍റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സംഘടനയുണ്ടാക്കിയതിനോട് പ്രതികരിച്ചില്ല. വാര്‍ത്താസമ്മേളനങ്ങള് പിണറായി വിജയന്‍ തുടര്‍ച്ചയായി റദ്ദുചെയ്യുകയാണല്ലോയെന്ന അവസാനചോദ്യത്തോട് ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.