കോട്ടയം: കെ.എം. മാണി യുഡിഎഫിനോട് അടുക്കുന്നു. യുഡിഎഫ് വിട്ട ശേഷം മാണിയുമായി വേദി പങ്കിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയുമായുള്ള അകലം കുറഞ്ഞുവെന്ന് വ്യക്തമാക്കി. കേരളകോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം നാളെ കോട്ടയത്ത് ചേരും.

കേരളകോണ്‍ഗ്രസ് യുഡിഎഫ് വിട്ടശേഷം ഇത്തരമൊരു കാഴ്ച കേരളം കണ്ടിട്ടില്ല. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാണിവിഭാഗം സിപിഎമ്മിനെ പിന്തുണച്ചതോടെ അകലം വര്‍ദ്ധിച്ചു. എന്നാല്‍ ജോസഫ് വിഭാഗത്തിനൊപ്പം സിഎഫ് തോമസും എല്‍ഡിഎഫിലേക്കുള്ള പ്രവേശനത്തെ ഏതിര്‍ത്തതോടെ മാണിയുടെ ഈ നീക്കം പൊളിഞ്ഞു. 

കണ്ണന്താനം കേന്ദ്രമന്ത്രിയായതോടെ എന്‍ഡിഎ ബന്ധമെന്ന സാധ്യതയും അടഞ്ഞതോടെയാണ് യുഡിഎഫിലേക്ക് മടങ്ങിപ്പോകാന്‍ മാണി തയ്യാറാകുന്നത്. മീനച്ചിലാര്‍ നദീസംരക്ഷണവുമായി ബന്ധപ്പട്ട് നടന്ന കണ്‍വെന്‍ഷനിലാണ് കെ.എം. മാണിയും ഉമ്മന്‍ചാണ്ടിയും പഴയസൗഹൃദം പങ്കുവച്ചത്.

കേരളകോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് മുന്‍പാണ് യുഡിഎഫ് നേതാക്കളുമായി മാണി വേദി പങ്കിട്ടത്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരിക്കും മാണിയുടെ പിന്തുണ എന്നാണ് വിവരം. ബാര്‍ കോഴ കേസില്‍ കോടതിയുടെ തീരുമാനം വരുന്ന മുറക്ക് കെ എം മാണി യുഡിഎഫിലേക്ക് മടങ്ങിവരുമെന്നാണ് സൂചന.