തിരുവനന്തപുരം: വിജയ് മല്യക്ക്ഭൂമി പതിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ എന്‍.ഇ.ബലറാമിന്റെ മകള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ബലറാമിനെപ്പോലെ സമാദരണീയനായ ഒരു നേതാവിനെ മറയാക്കി പച്ചക്കള്ളം പ്രചരിപ്പിക്കാനല്ല മറിച്ച് ചരിത്ര വസ്തുതകള്‍, ഭൂമി ഇടപാടിന്റെ കാലപ്പഴക്കം എന്നിവ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നാണ് മറുപടി. രാഷ്ട്രീയ സന്യാസിയെ പോലെ ജീവിച്ച നല്ല കമ്യുണിസ്റ്റുകാരനെക്കുറിച്ചുള്ള അസത്യ പ്രചരണങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ വേദനിക്കുന്നുണ്ടെന്നോര്‍മിപ്പിച്ചായിരുന്നു ബലറാമിന്റെ മകളുടെ ഫേ്‌സ് ബുക്ക് പോസ്റ്റ്

വിജയ് മല്യക്ക് 1971 ല്‍ എന്‍.ഇ.ബലറാം ഭൂമി നല്‍കി എന്ന പച്ചക്കള്ളം താങ്കള്‍ എന്തിനു വേണ്ടി പറഞ്ഞു, 1971ല്‍ വിജയ് മല്യക്ക് പ്രായം 16 അല്ലേ എന്നു തുടങ്ങുന്ന എന്‍.ഇ ബലറാമിന്റെ മകള്‍ ഗീത നസീറിന്റെ കത്തില്‍ വിജയ് മല്യക്ക് ഭൂമി നല്‍കിയതിനെ ന്യായീകരിക്കാന്‍ ബലറാമിന്റെ പേര് വലിച്ചിഴച്ചത് കൗശലമായിപ്പോയെന്ന് വ്യക്തമാക്കുന്നു. ഒപ്പം ആരുടെ ഉപദേശത്തിലായാലും അസത്യങ്ങള്‍ വിളിച്ചുപറയുംമുമ്പ് ബലറാം ആരെന്ന് ഓര്‍ക്കണമായിരുന്നൂവെന്നും ആ നല്ല കമ്യുണിസ്റ്റ്കാരന്റെ 83 വയസ്സുള്ള ഭാര്യക്ക് ഈ വിവാദം ഉണ്ടാക്കിയ നോവ് എത്രയെന്നും വ്യക്തമാക്കുന്നു. ഒരു കമ്മ്യുണിസ്റ്റുകാരന്റെ ജീവിത ശുദ്ധി താങ്കള്‍ക്ക് മനസ്സിലാവില്ലെന്നും മറുപടി തരാന്‍ അച്ഛന്‍ വരില്ലല്ലോയെന്നും പറഞ്ഞായിരുന്നു ഗീതയുടെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് . 

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന ഏറ്റവും കൂടുതല്‍ അനുഭവിച്ച ആളാണ് താന്‍ . മന്ത്രിസഭയുടെ അവസാന നാളുകളിലെ കടുംവെട്ട് എന്ന ആരോപണം, താന്‍ മനസാ വാചാ കര്‍മണാ അറിയാത്ത കാര്യങ്ങള്‍ക്കായിരുന്നു ഇതേക്കുറിച്ച് ഇപ്പോഴും ഇടതുനേതാക്കള്‍ ഓടി നടന്ന് പ്രസംഗിക്കുന്നതും വേദനാജനകമല്ലേയെന്ന മറുചോദ്യവും മുഖ്യമന്ത്രി ഉന്നയിക്കുന്നു. 

ഇതാണ് മുഖ്യമന്ത്രിയുടെ മറുപടി: 1971ല്‍ എന്‍ ഇ ബലറാം വ്യവസായ മന്ത്രിയായിരിക്കെ അയച്ച ടെലക്‌സ് സന്ദേശത്തോടെയാണ് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത് എന്നുമാത്രമാണ് താന്‍ പറഞ്ഞത് . അത് ചരിത്ര വസ്തുതയാണ് . അന്ന് അങ്ങനെ ചെയ്തത് തെറ്റായിപ്പോയെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ല . 

1985ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയും ഇ.അഹമ്മദ് വ്യവസായ മന്ത്രിയുമായ കാലത്താണ് മല്യ ബലമായി ഭൂമി കയ്യടക്കുന്നതെന്ന ഗീതയുടെ പരാമര്‍ശത്തിനുമുണ്ട് മറുപടി . പ്രീമിയര്‍ ബ്രുവറീസ് ലിമിറ്റഡ് ഇപ്പോഴത്തെ കമ്പനിയായ യുണൈറ്റഡ് ബ്രുവറീസ് ലിമിറ്റഡില്‍ ലയിച്ചത് ഹൈക്കോടതി വിധി പ്രകാരമാണെന്നാണ് തന്റെ അറിവെന്നും അതിലേക്ക് കരുണാകരനേയും അഹമ്മദിനേയും വലിച്ചിഴക്കേണ്ടതില്ലായിരുന്നുവെന്നും അത് നിഷേധിക്കാന്‍ കരുണാകരനും ഇപ്പോഴില്ലല്ലോ എന്നും മുഖ്യമന്ത്രി പറയുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന ഏറ്റവും കൂടുതല്‍ അനുഭവിച്ച ആളാണ് താന്‍ . മന്ത്രിസഭയുടെ അവസാന നാളുകളിലെ കടുംവെട്ട് എന്ന ആരോപണം, താന്‍ മനസാ വാചാ കര്‍മണാ അറിയാത്ത കാര്യങ്ങള്‍ക്കായിരുന്നു ഇതേക്കുറിച്ച് ഇപ്പോഴും ഇടതുനേതാക്കള്‍ ഓടി നടന്ന് പ്രസംഗിക്കുന്നതും വേദനാജനകമല്ലേയെന്ന മറുചോദ്യവും മുഖ്യമന്ത്രി ഉന്നയിക്കുന്നു. 

ബലറാമിനേയോ കുടുംബത്തെയോ വേദനിപ്പിക്കാന്‍ മനപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്ന് കത്തില്‍ ആവര്‍ത്തിച്ചുപറയുന്നു. ഈ കത്തോടെ ഗീത നസീറിന്റെയും കുടുംബത്തിന്റെയും തെറ്റിദ്ധാരണ മാറുമെന്ന് പ്രതീക്ഷ പങ്കുവെച്ചാണ് മുഖ്യമന്ത്രി കത്ത് അവസാനിപ്പിക്കുന്നത്. മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുബി ഗ്രൂപ്പിന് പാലക്കാട് പുതുശ്ശേരിയില്‍ സെന്റിന് മൂന്ന് ലക്ഷം രൂപ വില വരുന്ന 20 ഏക്കര്‍ ഭൂമി സെന്റിന് 70,000 രൂപക്ക് പതിച്ചുനല്‍കിയതാണ് വിവാദമായത്‌