പാസ്‌പോര്‍ട്ട്‌ നിയമങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് വന്ന പശ്ചാത്തലത്തിലാണ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചത്. ഭേദഗതികള്‍ ആവശ്യമായ പാസ്‌പോര്‍ട്ട്‌ ഉടമകളെ പുതിയ നിയമങ്ങള്‍ അറിയിക്കുകയായിരുന്നു ഓപ്പണ്‍ ഹൗസിന്റെ ലക്ഷ്യം. കോണ്‍സുലേറ്റ് പരിധിയില്‍ പെടുന്ന വിദൂര ദിക്കുകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ ഓപ്പണ്‍ ഹൗസിനെത്തി. കോണ്‍സുലേറ്റ് ജീവനക്കാരും, സന്നദ്ധ സംഘടനകളായ കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ഇളവുകളെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചും ഇവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.

അപേക്ഷകളോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളെ കുറിച്ചും അപേക്ഷ നല്‍കേണ്ട കേന്ദ്രങ്ങളെ കുറിച്ചുമുള്ള വിവരം നല്‍കുക മാത്രമായിരുന്നു കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൌസിലൂടെ. ഓപ്പണ്‍ ഹൗസില്‍ തങ്ങളുടെ അപേക്ഷ സ്വീകരിക്കുകയെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ച് ജിദ്ദയില്‍ എത്തിയവര്‍ നിരാശരായി. പാസ്‌പോര്‍ട്ടിലെ പേരും, മേല്‍വിലാസവും, ജനന തിയ്യതിയും മാറ്റാനുള്ള മലയാളികള്‍ ആയിരുന്നു ഓപ്പണ്‍ ഹൗസിനു എത്തിയവരില്‍ ബഹുഭൂരിഭാഗവും. പാസ്‌പോര്‍ട്ട്‌ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ മാത്രം നേരിട്ട് കാണാനും കേള്‍ക്കാനും ആദ്യമായാണ്‌ കോണ്‍സുലേറ്റ് ഇത്തരം പരിപാടി സംഘടിപ്പിച്ചത്.