വജ്ര ജൂബിലി ആഘോഷിക്കുന്ന കേരള ഹൈക്കോടതിയുടെ സുതാര്യതക്ക് കളങ്കം വരുത്തിയിരിക്കുകയാണ് ഈ സംവിധാനത്തിന്റെ തന്നെ ഭാഗമായ ഒരു കൂട്ടമാളുകള്‍ എന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസിനുളള കത്ത് തുടങ്ങുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയോട് അപമര്യദയായി പെരുമാറിയത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നീതിന്യായ നടപടിയുടെ സുതാര്യതക്കാണ് കരിനിഴല്‍ വീഴ്ത്തിയത്. ഇക്കാര്യം രാഷ്‌ട്രപതി, സൂപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരടക്കമുള്ളവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഇരുളടഞ്ഞ അവസ്ഥ തുടരുന്നു. വിലക്കില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് തന്നെ ഉറപ്പു നല്‍കിയിതിന്റെ തൊട്ടടുത്ത ദിവസം കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചത് സുപ്രീം കോടതി ചീഫ് ജസ്റ്റീസെന്ന നിലയില്‍ താങ്കള്‍ അറിയണം.
സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഇതേ തിരക്കഥയില്‍ ഇതേ ഹീനമായ കളികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതിയില്‍ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവരെ നിന്ദിച്ചും കൈയ്യേറ്റം ചെയ്തും പുറത്താക്കിയത്. പിന്നീട് അപകീര്‍ത്തകരമായ പോസ്റ്ററുകള്‍ ഇറക്കി മനോവീര്യം കെടുത്താനും ശ്രമിച്ചു. ഒരു വിഭാഗം അഭിഭാഷകരുടെ കൈയ്യൂക്കാണ് കോടതി വാര്‍ത്തകള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ മതില്‍ പണിതിരിക്കുന്നത്. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതിനോട് ജുഡീഷ്യറിയില്‍ ഒരു വിഭാഗം പുലര്‍ത്തുന്ന നിസംഗത നീതിന്യായ രംഗത്തെ സ്ഫടിക സമാനമായ സുതാര്യതയെ കെടുത്തുന്നതാണ്. ഹൈക്കോടതിയിലെ മീഡിയാ റൂം അടഞ്ഞുകിടക്കുന്നു. കൃത്യതയോടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ജഡ്ജിമാരുടെ പി.എസ് ഓഫീസുകളിലും പ്രവേശനമില്ല. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് സാഹചര്യമൊരുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കും മാധ്യമങ്ങളെ തടയുന്ന അഭിഭാഷകര്‍ക്കും സദ്ബുദ്ധി ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്. മാധ്യമ ഉടമകളുടെ സംഘടനയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേരളാ ഘടകവും കേരള ടെലിവിഷന്‍ ഫെഡറേഷനുമാണ് കത്ത് തയ്യാറാക്കിയത്.
