വനിതാ മതിലിനെ ചൊല്ലി സെക്രട്ടറിയേറ്റ് ജീവനക്കാർക്കിടയില്‍ പോര്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ സംഘടനകൾ.  ആരോപണം നിഷേധിച്ച് ഇടത് സംഘടനകൾ.

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ സംഘടനകൾ. വനിതാ മതിലിൽ പങ്കെടുത്തില്ലെങ്കിൽ സ്ഥലംമാറ്റുമെന്ന് പറഞ്ഞ് ജീവനക്കാരെ ഭരണാനുകൂല സംഘടന ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പ്രതിപക്ഷ സംഘടനകളുടെ ആരോപണം ഇടത് സംഘടനകൾ തള്ളി.

സെക്രട്ടറിയേറ്റിലെ ഓരോ നിലയിലും ചെന്ന് വനിതാ മതിലിൽ പങ്കെടുക്കാൻ ജീവനക്കാരെ ഭരണാനുകൂല സംഘടനകൾ നിർബന്ധിക്കുന്നുവെന്നാണ് മറുപക്ഷത്തിൻറെ പരാതി. പ്രവൃത്തിസമയം മുഴുവൻ ഇപ്പോൾ മതിലിൻറെ ഒരുക്കങ്ങൾക്കായി ചെലവിടുന്നുവെന്നും സെക്രട്ടറിയേറ്റ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. എന്നാൽ ഇടത് സംഘടന സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ആരോപണങ്ങളെല്ലാം നിഷേധിച്ചു.

ഒരാളെയും നിർബന്ധിച്ച് വനിതാമതിലിൽ പങ്കെടുപ്പിക്കില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. സാലറി ചാലഞ്ചിൽ പണം നൽകാൻ വിസമ്മതിച്ചവരിൽ ചിലരെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. മതിലിൽ പങ്കാളിത്തം ഉറപ്പാക്കാൻ ഇടത് സംഘടനകളും വിട്ടുനിന്ന് പ്രതിഷേധിക്കാൻ പ്രതിപക്ഷസംഘടനകളും വാശിയോടെയാണ് നീങ്ങുന്നത്.