കൊച്ചി: കൊളളപ്പലിശക്കാർക്കായി മധ്യകേരളത്തിലെ പൊലീസ് നടപടിയില്‍ 26 പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ ബ്ലേഡ് എന്ന പൊലീസ് നടപടിയില്‍ ഒന്‍പതര ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. 22 കേസുകള്‍ റജിസ്ട്രര്‍ ചെയ്തു. ആറസ്റ്റിലായവര്‍ക്കെതിരെ ഗുണ്ടാആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോട്ടയത്ത് മാത്രം 22 കേസുകള്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. 42 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

നാലു ജില്ലകളിലെ 300 ഓളം കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. എറണാകുളം റേഞ്ച് ഐജി പി വിജയന്‍റെ നിർദേശപ്രകാരം ഓപറേഷൻ ബ്ലേഡ് എന്ന പേരിലാണ് പൊലീസ് പരിശോധന. കോട്ടയത്ത് 11ഉം കൊച്ചിയിൽ മൂന്നും ഇടുക്കിയിൽ ആറുകേസുകളുമാണ് രജിസ്റ്റർ ചെയ്തത്. പണം പലിശക്ക് നൽകുന്നവരുടെ വീടുകളിലും ഓഫീസുകളിലുമായിട്ടായിരുന്നു പരിശോധന. 

മുദ്രപ്പത്രങ്ങളും ചെക് ലീഫുകളും വാഹനങ്ങളുടെ ആർ സി ബുക്കുകളും അടക്കമുളള വിവിധ ജില്ലകളിൽ നിന്നായി കണ്ടെടുത്തിട്ടുണ്ട്. ആലുവയിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ മുപ്പത്തടത്തുനിന്ന് പലിശക്കാർ പിടിച്ചെടുത്ത വാഹനങ്ങളടക്കം കണ്ടെടുത്തിട്ടുണ്ട്. ഓപറേഷൻ കുബേരക്ക് സമാനമാണ് പരിശോധനയെങ്കിലും കുബേരയുടെ അപകാതകൾ കൂടി പരിഹരിച്ചാണ് പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.