സിദ്ധഗംഗ മഠത്തിലെ 112 വയസ്സുള്ള സ്വാമിയെ കാണാനാണ് ഒഴിവുകാലയാത്ര റദ്ദാക്കി തിരികെ വരുന്നതെന്നാണ് എംഎൽഎമാർ പറയുന്നത്.
ബെംഗളൂരു: കോൺഗ്രസ് - ജെഡിഎസ് സർക്കാരിനെ ഉടൻ താഴെയിറക്കാനാകില്ലെന്ന് ഉറപ്പായതോടെ ബിജെപി എംഎൽഎമാർ ദില്ലിയിൽ നിന്ന് മടങ്ങിത്തുടങ്ങി. സിദ്ധഗംഗ മഠത്തിലെ 112 വയസ്സുള്ള സ്വാമിയെ കാണാനാണ് ഒഴിവുകാലയാത്ര റദ്ദാക്കി തിരികെ വരുന്നതെന്നാണ് എംഎൽഎമാർ പറയുന്നത്. ഗുരുഗ്രാമിലെ റിസോർട്ടിലായിരുന്നു ബിജെപിയുടെ 104 എംഎൽഎമാരും.
ഗുരുഗ്രാമിലെ റിസോർട്ടിൽ ഒഴിവുകാലം ചെലവഴിക്കാനാണ് എംഎൽഎമാർ പോയതെന്നാണ് ഇപ്പോൾ യെദ്യൂരപ്പ പറയുന്നത്. സർക്കാരിനെ താഴെയിടാൻ ഒരു പദ്ധതിയുമില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കുന്നു. ഇന്നലെ രാത്രി തന്നെ യെദ്യൂരപ്പ ബെംഗളൂരുവിൽ തിരിച്ചെത്തിയിരുന്നു.
ഈ ആഴ്ച അവസാനത്തോടെ കോൺഗ്രസ് - ജെഡിഎസ് സർക്കാർ താഴെ വീഴുമെന്ന് എംഎൽഎമാരെ ബിജെപി നേതൃത്വം പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതായാണ് സൂചന. ദില്ലിയിലെ കൊടും തണുപ്പ് സഹിക്കാൻ വയ്യെന്നും തിരികെ വരണമെന്നും ചില എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 'മധുരമുള്ള ഒരു വാർത്ത' വരുമെന്ന് പറഞ്ഞ് എംഎൽഎമാരെ ദില്ലിയിൽ തുടരാൻ നിർബന്ധിക്കുകയായിരുന്നു നേതാക്കൾ.
ഓരോ മുറിയ്ക്കും ദിവസം മുപ്പതിനായിരം രൂപ വാടകയുള്ള പഞ്ചനക്ഷത്രറിസോർട്ടിലായിരുന്നു എംഎൽഎമാർ.
ഇന്ന് രാവിലെ തുംകുരുവിലെ സിദ്ധഗംഗ മഠത്തിലെത്തിയ യെദ്യൂരപ്പ ഇനി രണ്ട് നാൾ അവിടെ തുടരുമെന്നാണ് വ്യക്തമാക്കിയത്. പാഴായിപ്പോയ പരിശ്രമത്തെച്ചൊല്ലി സംസ്ഥാനബിജെപിക്കുള്ളിൽത്തന്നെ അതൃപ്തി പുകയുന്നുണ്ടെന്നാണ് വിവരം. ദക്ഷിണ കന്നഡ എംപി നളിൻകുമാർ കട്ടീലും മഹാരാഷ്ട്ര മന്ത്രി രാം ഷിൻഡെയും ഈ ആഴ്ചയ്ക്കകം തന്നെ കർണാടകത്തിലെ സർക്കാർ താഴെ വീഴുമെന്നും ബിജെപി സർക്കാർ വരുമെന്നും പ്രഖ്യാപിച്ചിരുന്നു. അതിലും ബിജെപി നേതാക്കൾക്കും എംഎൽഎമാർക്കും അതൃപ്തിയുണ്ട്. തിരക്കിട്ട് നടത്തിയ അത്തരം പ്രഖ്യാപനങ്ങൾ സംസ്ഥാനബിജെപി ഘടകത്തിന്റെ പ്രതിച്ഛായ തകർത്തെന്നാണ് പൊതുവിലുള്ള വികാരം.
ഗുരുഗ്രാമിലെ റിസോർട്ടിലും മുംബൈയിലെ ഹോട്ടലിൽ ബിജെപി നേതാക്കൾ കൊണ്ടുപോയി താമസിപ്പിച്ച കോൺഗ്രസ് എംഎൽഎമാർക്കിടയിലും ജെഡിഎസ് കോൺഗ്രസ് നേതാക്കൾക്ക് 'ചാരൻമാർ' ഉണ്ടായിരുന്നെന്നാണ് സൂചന. വിമത കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന രമേശ് ജർക്കിഹോളി ഉൾപ്പടെയുള്ളവർ മുംബൈയിലെ ഹോട്ടലിലായിരുന്നു. അവർ ഉടൻ തിരിച്ചുവരുമെന്നാണ് കരുതുന്നത്.
'ഒഴിവുകാലം' ആഘോഷിച്ച് മടങ്ങിവരുന്നവർക്ക് സ്വാഗതം എന്നാണ് കോൺഗ്രസ് പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു പരിഹാസരൂപേണ ട്വീറ്റ് ചെയ്തത്.
രണ്ട് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് കർണാടകത്തിൽ രാഷ്ട്രീയപ്രതിസന്ധി തുടങ്ങിയത്. മുന്നണി ഭരണത്തിൽ ഐക്യമില്ലെന്നും ബിജെപി സർക്കാർ വരുന്നതാണ് ഭേദമെന്നുമാണ് സ്വതന്ത്ര എംഎൽഎമാർ പറഞ്ഞത്.
