Asianet News MalayalamAsianet News Malayalam

ഓപ്പറേഷൻ തണ്ടർ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ മിന്നൽ പരിശോധന

നൂറിലധികം പൊലീസ് സ്റ്റേഷനുകളുടെ പട്ടിക ആദ്യം തയ്യാറാക്കി. ഇതിൽ നിന്നാണ് നിരവധി ആരോപണങ്ങള്‍ നേരിടുന്ന 53 പൊലീസ് സ്റ്റേഷനുകള്‍ തെര‌ഞ്ഞെടുത്തത്. 

operation thundar- surprise raid in piolice stations
Author
Thiruvananthapuram, First Published Jan 22, 2019, 1:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. മാഫിയ ബന്ധമുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോ‍ർട്ട് നൽകിയ സ്റ്റേഷനുകളിലാണ് ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ രാവിലെ മുതൽ പരിശോധന ആരംഭിച്ചത്.

വിവിധ മാഫിയ ഗ്രൂപ്പുകളുമായും ക്രിമിനലുകളുമായും ബന്ധമുള്ള പൊലീസ് സ്റ്റേഷനുകളെയും പൊലീസുകാരെയും വിജിലൻസ് ഇൻറലിൻസ് നിരീക്ഷിച്ചുവരികയായിരുന്നു. നൂറിലധികം സ്റ്റേഷനുകളുടെ പട്ടിക ആദ്യം തയ്യാറാക്കി. ഇതിൽ നിന്നാണ് നിരവധി ആരോപണങ്ങള്‍ നേരിടുന്ന 53 പൊലീസ് സ്റ്റേഷനുകള്‍ തെര‌ഞ്ഞെടുത്തത്.  പരിശോധന വിവരം ചോർന്നുപോകാതിരിക്കാനായി വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസിനും ഐ ജി എച്ച് വെങ്കിടേഷും രാവിലെയാണ് ഓപ്പറേഷൻ നടത്തേണ്ട പൊലീസ് സ്റ്റേഷനുകളുടെ പട്ടിക എസ്പിമാർക്ക് കൈമാറിയത്.

10.30 മുതലാണ് സംസ്ഥാന വ്യാപകമായ റെയ്ഡുകള്‍ തുടങ്ങിയത്. ക്വാറി, മണൽ, മണ്ണ് കടത്ത് മാഫിയകള്‍ക്കെതിരായ പരാതികള്‍ പൂഴ്ത്തുക, പിടിച്ചെടുക്കുന്ന വണ്ടികള്‍ കൈക്കൂലി വാങ്ങി വിട്ടുനൽകുക, പലിശക്കാർക്കും- ഗുണ്ടാ ലിസ്റ്റിലുള്ളവർക്കും  ഒത്താശ ചെയ്യുക എന്നിവ നടക്കുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്. സർക്കാരിന്‍റെ പല വകുപ്പുകളിലും വിജിലൻസ് മിന്നൽ പരിശോധനയും കൈക്കൂലി കെണിയുമൊക്കെ ചെയ്യാറുണ്ടെങ്കിലും പൊലീസ് സ്റ്റേഷൻ പരിശോധന അപൂർവ്വമാണ്. പൊലീസുകാർക്കെതിരായ പരാതികള്‍ വർദ്ധിച്ച സാഹചര്യത്തിലാണ് നടപടിവേണ്ടിവന്നതെന്ന് വിജിലൻസിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

ഓരോ സ്റ്റേഷനിലേയും വിശദമായ പരിശോധന റിപ്പോർട്ടുകള്‍ എസ്പിമാർ തന്നെ രഹസ്യമായി തയ്യാറാക്കി കൈമാറാനാണ് ഡയറക്ടറുടെ നിർദ്ദേശം. കഴിഞ്ഞ വർഷം 45 സർക്കാർ വകുപ്പുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധന റിപ്പോർ‍ട്ടുകളുടെ അടിസ്ഥാനത്തിൽ 1074 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പതല നടപടിയും ശുപാർശ ചെയ്തിരുന്നു.  ഇതിൽ തന്നെ  ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ 64 ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷനാണ് ശുപാർ‍ശ ചെയ്തത്. 18 ഉദ്യോഗസ്ഥരായണ് വിജിലൻസിന്‍റെ കൈക്കൂലിക്കെണിയില്‍ കുരുങ്ങിയത്.

Follow Us:
Download App:
  • android
  • ios