ഊർജ്ജസ്വലരായ, സസ്യാഹാരികളായ, പുകവലിക്കാത്ത, മദ്യപിക്കാത്ത, മൃദുഭാഷ സംസാരിക്കുന്നവരായിരിക്കണം അപേക്ഷിക്കേണ്ടത്. ഇതിന് പുറമെ മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റും ഉദ്യോ​ഗാർത്ഥികൾ ഹാജരാക്കണം. 

അലഹാബാദ്: ഊർജ്ജസ്വലരായ, സസ്യാഹാരിയായ, പുകവലിക്കാത്ത, മദ്യപിക്കാത്ത, മൃദുഭാഷ സംസാരിക്കുന്ന യുവാക്കളെ ആവശ്യമുണ്ട്. ഇത് വിവാഹ പരസ്യമല്ല. അലഹാബാ​ദിൽവച്ച് നടക്കാനിരിക്കുന്ന കുഭ മേളയിൽ വിന്യസിക്കപ്പെടുന്ന പൊലീസുകാർക്ക് വേണ്ടി മേള സംഘാടക സമിതി പുറത്തിറക്കിയ വി‍ഞ്ജാപനമാണ്. അടുത്ത വർഷം ജനുവരി 15നാണ് കുഭ മേള ആരംഭിക്കുക.

അലഹാബാദിലെ മുഴുവൻ പൊലീസ് ഉദ്യോ​ഗസ്ഥരേയും മേള സമയത്ത് ഡ്യൂട്ടിയിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബറിൽ സെക്യൂരിറ്റി വിന്യാസം ആരംഭിക്കും. അർദ്ധസൈനിക വിഭാഗക്കാരുൾപ്പെടെ പതിനായിരത്തിലേറെ പൊലീസുകാർ മേളയിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് ഉ​ദ്യോ​ഗസ്ഥർ അറിയിച്ചു. 

വിവിധ തസ്തികയിലുള്ളവർക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 35 വയസിന് താഴെയുള്ളവർ കോൺസ്റ്റബിൾ, 40 വയസിന് താഴെയുള്ളവർ ഹെഡ് കോൺസ്റ്റബിൾ, 45 വയസിന് താഴെയുള്ളവർ സബ് ഇൻസ്പെക്ടർമാർ എന്നിങ്ങനെയാണ് പ്രായ പരിധി.

ഊർജ്ജസ്വലരായ, സസ്യാഹാരികളായ, പുകവലിക്കാത്ത, മദ്യപിക്കാത്ത, മൃദുഭാഷ സംസാരിക്കുന്നവരായിരിക്കണം അപേക്ഷിക്കേണ്ടത്. ഇതിന് പുറമെ മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റും ഉദ്യോ​ഗാർത്ഥികൾ ഹാജരാക്കണം. അപേക്ഷ നൽകിയ പൊലീസുകാരുടെ സ്വഭാവം പരിശോധിക്കുന്നതിനായി ബറേലി, ബഡൗൺ, ഷാഹ്ജാൻപൂർ, പിലിഭിത്ത് എന്നിവിടങ്ങളിലെ എസ്എസ്പിമാരോട് ആവശ്യപ്പെട്ടതായി അലഹാബാദ് ഡിഎജി/എസ്എസ്പി കെ പി സിംഗ് പറഞ്ഞു.

ഒക്ടോബർ 10 മുതൽ നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കുക. ആദ്യ ഘട്ടത്തിൽ 10 ശതമാനം, രണ്ടാം ഘട്ടത്തിൽ 40 ശതമാനം മൂന്നും നാലും ഘട്ടത്തിൽ 25 ശതമാനം എന്നിങ്ങനെയായിരിക്കും നിയമനം നടക്കുക.