പ്രതിപക്ഷത്തിന്‍റെ വോട്ടുകള്‍ നീക്കം ചെയ്യാനുള്ള ഗൂഢനീക്കമാണെന്ന് കോണ്‍ഗ്രസ്

പാറ്റ്ന: ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷത്തിന്‍റെ വോട്ടുകള്‍ നീക്കം ചെയ്യാനുള്ള ഗൂഢനീക്കമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 22 വര്‍ഷങ്ങള്‍‍ക്കിപ്പുറം പുതുക്കല്‍ നടപടി സ്വീകരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഎല്‍ഒ മാര്‍ക്ക് ഒരു പരിശീലനവും നല്‍കിയിട്ടില്ലെന്ന് എഐഎംഐഎം വിമര്‍ശിച്ചു. തീരുമാനത്തിന് മുന്‍പ് സര്‍വ കക്ഷി യോഗം വിളിക്കണമായിരുന്നുവെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 

2003ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1987 ന് മുന്‍പ് ജനിച്ചവര്‍ ജനന തീയതിയും , ജനന സ്ഥലവും തെളിയിക്കുന്ന രേഖയും, ശേഷം ജനിച്ചവര്‍ ഈ രേഖകള്‍ക്ക് പുറമെ അച്ഛന്‍റെയും, അമ്മയുടെയും ജനനസ്ഥലവും, ജനന തീയതിയും തെളിയിക്കുന്ന രേഖയും നല്‍കണം. മാതാപിതാക്കള്‍ ഇന്ത്യക്കാരല്ലെങ്കില്‍ പാസ്പോര്‍ട്ടിന്‍റെയോ, വീസയുടെയോ പകര്‍പ്പ് നല്‍കാനുമാണ് നിര്‍ദ്ദേശം.