തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ പ്രതിപക്ഷത്തിന്‍റെ ആരോപണം. സ്വാശ്രയ മെഡിക്കൽ ഫീസ് വര്‍ധിപ്പിക്കാൻ മാനേജ്മെന്‍റുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടെന്ന് വി ഡി സതീശന്‍ ആരോപിച്ചു .പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയതോടെ നിയമസഭ നടപടികള്‍ വേഗത്തിലാക്കി നേരത്തെ പിരിഞ്ഞു.

ഫീസ് നിശ്ചയിച്ച് പ്രവേശന നടപടികള്‍ തുടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാനേജ്മെന്‍റുകള്‍ക്ക് വേണ്ടി ഇടപെട്ടെന്ന് അടിയന്തിരപ്രമേയത്തിന് അവതരാണനുമതി തേടിയ സതീശന്‍ ആരോപിച്ചത്. സ്വാശ്രയ പ്രശ്നം വഷളാക്കിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ് . മാനേജ്മെന്‍റുകളുമായി കള്ളക്കരാറുണ്ടാക്കി. അലോട്ട്മെന്‍റ് വൈകിപ്പിച്ച് മാനേജ്മെന്‍റുകള്‍ക്ക് കോടതിയിൽ പോകാൻ അവസരമുണ്ടാക്കി . കോടതിയിൽ സര്‍ക്കാര്‍ അഭിഭാഷകന്‍ കൃത്യമായി വാദിച്ചില്ലെന്നും സതീശൻ ആരോപിച്ചു .എന്നാൽ സര്‍ക്കാരിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

ഹൈക്കോടതി വിധിക്കായി കാത്തിരിക്കണം. സര്‍ക്കാരിന്‍റെ നിയന്ത്രണത്തിൽ അല്ല കാര്യങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മൗനം ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയതോടെ സബ്മിഷനുകള്‍ റദാക്കി . ചര്‍ച്ച കൂടാതെ മാരിടൈ ബോര്‍ഡ് ബിൽ വിഷയ നിര്‍ണയ സമിതിക്ക് അയച്ച് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.