പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച് വ്യക്തമായ ഉത്തരവുണ്ട്, എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ആ സ്പിരിറ്റ് ഉള്‍ക്കൊള്ളാതെയാണ് പെരുമാറുന്നതെന്ന് മന്ത്രി എ.കെ.ബാലന്‍ അത്തരക്കാര്‍ തിരുവഞ്ചൂരിന്റെ കാലത്തുമുണ്ടായിരുന്നുവെന്നും എ.കെ.ബാലന്‍
തിരുവനന്തപുരം: സമീപ ദിവസങ്ങളില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പോലീസ് അതിക്രമങ്ങള് ചര്ച്ച ചെയ്യണമെന്ന് നിയമസഭയില് പ്രതിപക്ഷം ആവശ്യപ്പെട്ടു. തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എയാണ് വിഷയത്തില് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി സംസാരിച്ചത്.
സംസ്ഥാനത്ത് പോലീസിനെ കയറൂരി വിട്ട അവസ്ഥയാണെന്നും മാന്യമായ പോലീസിംഗ് ഇന്നില്ലെന്നും അച്ചടക്കം പഠിപ്പിക്കുന്ന ഡിജിപി പോലും ഒന്നും കാര്യമായി എടുക്കുന്നില്ലെന്നും തിരുവഞ്ചൂര് കുറ്റപ്പെടുത്തി. മലപ്പുറം, ഈരാറ്റുപേട്ട, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോലീസ് അതിക്രമങ്ങളും തിരുവഞ്ചൂര് സഭയുടെ ശ്രദ്ധയില്പ്പെടുത്തി.
എന്നാല് സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില് മറുപടി പറഞ്ഞ മന്ത്രി എ.കെ.ബാലന് വ്യക്തമാക്കി. കേരള പോലീസിന്റെ ആധുനികവത്കരണത്തിനും ജനസൗഹൃദ സമീപനത്തിനും വലിയ അംഗീകാരമുണ്ട്. പോയ ദിവസങ്ങളില് ചില സംഭവങ്ങളുണ്ടായെന്ന് സമ്മതിച്ച ബാലന് കുറ്റക്കാര്ക്കെതിരെ വകുപ്പ് തലത്തില് ശക്തമായ നടപടികള് സ്വീകരിക്കുമെന്നും വ്യക്തമാക്കി.
എന്നാല് പോലീസുകാരെ സസ്പെന്ഡ് ചെയ്താല് മാത്രം നടപടിയാകില്ലെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. തെറിവിളിയാണോ സര്ക്കാരിന്റെ ഭാഷയെന്ന് ചോദിച്ച തിരുവഞ്ചൂര് പോലീസ് കാണിക്കുന്ന അനീതിക്ക് സര്ക്കാരാണ് ഉത്തരവാദിയെന്നും കുറ്റപ്പെടുത്തി.
ഒറ്റപ്പെട്ട ചില തെറ്റായ പ്രവണതകള് പോലീസില് ഇല്ലെന്ന് പറയുന്നില്ലെന്ന് ഈ ഘട്ടത്തില് മന്ത്രി തിരുവഞ്ചൂരിന് മറുപടി നല്കി. പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച് വ്യക്തമായ ഉത്തരവുണ്ട്, എന്നാല് ചില ഉദ്യോഗസ്ഥര് ആ സ്പിരിറ്റ് ഉള്ക്കൊള്ളാതെയാണ് പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു. അത്തരക്കാര് തിരുവഞ്ചൂരിന്റെ കാലത്തുമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തോടെ സ്പീക്കര് അടിയന്തരപ്രമേയം അനുവദിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ഇതില് പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില് നിന്നിറങ്ങിപ്പോയി.
