പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമർശത്തിന്റെ പേരില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ വിശദമാക്കിയതോടെ ബഹളം ആരംഭിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ആലുവക്കാരെ മുഖ്യമന്ത്രി അപമാനിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

എന്നാല്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയെത്തി. ആലുവയിൽ പ്രശ്നമുണ്ടാക്കിയവരിൽ തീവ്രവാദ ബന്ധമുള്ളവരുണ്ട്. ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്ന് മുഖ്യമന്ത്രി സഭയില്‍ ആവര്‍ത്തിച്ചു. കയ്യേറ്റം ചെയ്യപ്പെടേണ്ട വിഭാഗം അല്ല പൊലീസ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.