തമിഴ്നാട് നിശ്ചലമായേക്കും
ചെന്നൈ: കാവേരി മാനേജ്മെന്‍റ് ബോർഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിഎംകെ തമിഴ്നാട്ടില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെക്ക് ഒപ്പം മുഖ്യപ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിക്കുന്ന ബന്ദ് തമിഴ്നാടിനെ നിശ്ചലമാക്കിയേക്കും. അടുത്തഘട്ട സമര പരിപാടികളെ പറ്റി ആലോചിക്കാൻ ഡിഎംകെ പ്രതിപക്ഷപാർട്ടികളുടെ യോഗവും നാളെ വിളിച്ചിട്ടുണ്ട്
ഇതുപോലെയുള്ള പ്രതിഷേധങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട്ടില്‍ പലയിടത്തും പതിവാണ്. നാളെ ഈ പ്രതിഷേധങ്ങളെല്ലാം ഇതിലും ശക്തമാകുമെന്നാണ് കരുതുന്നത്. ഡിഎംകെ, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, എംഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ച് ആഹ്വാനം ചെയ്ത ബന്ദിന് കർഷകസംഘങ്ങളും വ്യാപാരികളും പിന്തുണയ നല്‍കുന്നുണ്ട്. റോഡ്, റെയിൽ ഗതാഗതം തടസപ്പെടും. ബസ് സർവീസ് നടത്തില്ലെന്ന് കർണാടക ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്.
കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നതോടെ ജനജീവിതം എല്ലാ അർത്ഥത്തിലും നിശ്ചലമാകും. ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് സമാനമായ തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച് കേന്ദ്രത്തെ സമ്മർദ്ദത്തിലാക്കുകയാണ് ഡിഎംകെ അടക്കമുള്ളവരുടെ ശ്രമം. ഇതിനിടെ കാവേരി പ്രശ്നത്തിൽ കേന്ദ്രത്തേയും സംസ്ഥാന സർക്കാറിനേയും കുറ്റപ്പെടുത്തി മക്കൾ നീതി മയ്യം പ്രസിഡൻറ് കമൽഹാസനും രംഗത്തെത്തി.
കാവേരിയിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞ സുപ്രീം കോടതി ക്രമസമാധാന പാലനത്തിന് വേണ്ട നടപടിയെടുക്കാൻ സർക്കാറിന് നിർദ്ദേശം നൽകി. അതേസമയം നിരാഹാര സമരത്തിനിടെ ഭക്ഷണം കഴിക്കുന്ന പ്രവർത്തകരുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് എ ഐ ഡി എം കെ യെ പ്രതിരോധത്തിലാക്കുന്നുണ്ട്.
