തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് നിയമസഭയില്‍ എത്തിയത്. ചോദ്യോത്തരവേളയില്‍ ആരോഗ്യമന്ത്രി സംസാരിക്കുന്നത് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ച് തടസപ്പെടുത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്, അഞ്ച് പ്രതിപക്ഷ അംഗങ്ങള്‍ കഴിഞ്ഞദിവസം ആരംഭിച്ച സത്യാഗ്രഹസമരം തുടരുകയാണ്. ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള ഉത്തരവില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലയ്ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരാമര്‍ശമുണ്ടായിരുന്നു. സ്വന്തം ആളുകളെ നിയമിക്കാനായി അപേക്ഷാസമയം നീട്ടി നല്‍കിയതാണ് വിവാദമായത്. ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.