ഉദ്ദ്യോഗസ്ഥരുടെ ചേരിപ്പോര് സംബന്ധിച്ച് ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ഏറ്റവും ശക്തമായ വിമര്‍ശനം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയാണ് ഉന്നയിക്കപ്പെട്ടത്. വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ല. പകരം മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണെന്ന് അടിയനത്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ഡി സതീശന്‍ ആരോപിച്ചു. ഭസ്മാസുരന് വരം കൊടുത്ത പോലെയാണ് ഇപ്പോള്‍ ജേക്കബ് തോമസിന്റെ സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോടതി ഉത്തരവിനെതിരെ ഒരു ഉദ്ദ്യോഗസ്ഥന്‍ എങ്ങനെയാണ് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിക്കുന്നത്. ഇങ്ങനെ പോയാല്‍ എങ്ങനെ ഒരു ജനാധിപത്യ സംവിധാനം നിലനില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഉദ്ദ്യോഗസ്ഥന്മാര്‍ തമ്മില്‍ രൂക്ഷമായ ഭിന്നതയാണ് നിലനില്‍ക്കുന്നത്. അതീവ രഹസ്യമായി ഉന്നത ഉദ്ദ്യോഗസ്ഥരുടെ അലമാരകളില്‍ സൂക്ഷിക്കേണ്ട രേഖകള്‍ പോലും പല ബിനാമികള്‍ക്കും ശിഖണ്ഢികള്‍ക്കും ലഭിക്കുന്നു. ഇത്തരം ബിനാമികളെയും ശിഖണ്ഡികളെയും ഉപയോഗിച്ച് കോടതിയില്‍ ഉദ്ദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരമാണ് ഇപ്പോള്‍ നടക്കുന്നും ഭരണ സ്തംഭനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ ചെറിയ രീതിയിലുള്ള തര്‍ക്കം മാത്രമേ ഉള്ളൂവെന്നും സംസ്ഥാനത്ത് ഭരണസംതംഭനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോടതി ഉത്തരവിനെതിരെ വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.