പദ്ധതി നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് എതിർപ്പുമാറ്റിവച്ച് കേന്ദ്ര നയത്തിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചതെങ്ങനെയെന്നും ചോദിച്ചു.  

തിരുവനന്തപുരം: പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ നടപ്പാക്കില്ലെന്നായിരുന്നു യുഡിഎഫിന്റെ നിലപാടെന്നും യുഡിഎഫ് പൊതുവിലും കോൺ​ഗ്രസും ലീഗും പ്രത്യേകിച്ചും വലിയ വിവാദം ആക്കിയ പദ്ധതിയാണെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബിജെപി സിപിഎം ഡീൽ എന്നായിരുന്നു ആക്ഷേപം. അധികാരത്തിൽ വന്നാൽ പിഎംശ്രീ നടപ്പാക്കില്ലെന്നും അറബിക്കടലിൽ ഒഴുക്കുമെന്നും പ്രഖ്യാപിച്ചു. സ്ഥിതി എല്ലാവരും ഇപ്പോൾ കാണുന്നുണ്ട്. പദ്ധതി നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് എതിർപ്പുമാറ്റിവച്ച് കേന്ദ്ര നയത്തിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചതെങ്ങനെയെന്നും ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെറ്റായ വാദം അവതരിപ്പിക്കാനാണ് യുഡിഎഫ് പറയുന്നത്. ധാരണ പത്രം ഒപ്പിട്ടാൽ പിന്നോട്ട് പോകാനാകില്ലെന്നാണ് പറയുന്നത്. എന്താണ് വാസ്തവം? കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ പദ്ധതിയുടെ ഭാഗമാണ്. ഒരു വിയോജിപ്പും പ്രകടിപ്പിച്ചിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. കോൺഗ്രസ് നിലപാടാണ് പ്രസക്തമെന്നും പിണറായി വിജയൻ പറഞ്ഞു. 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ്എസ്കെ ഫണ്ട് തടഞ്ഞുവെയ്ക്കുകയും വലിയ പ്രതിസന്ധി ഉണ്ടാകുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ പണം ചെലവിടുന്നതിന് തടസമായി. ധാരണാ പത്രം അനുസരിച്ചുള്ള ഒരു നടപടിയും മുന്നോട്ട് പോയില്ല. ഒരു മാസത്തിനകം കരാർ മരവിപ്പിച്ചു. തുടർ നടപടി സ്വീകരിക്കാം എന്നായിരുന്നു തീരുമാനം. നവംബർ 12 ന് കേന്ദ്രത്തിന് കത്ത് അയച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഒരു തവണ ഒപ്പിട്ടാൽ പിൻമാറാനാകുമോ എന്നാണ് ചോദ്യം. ഒപ്പിട്ടതുകൊണ്ട് പദ്ധതി നടപ്പാകില്ല. സ്കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കിയില്ല , ലിസ്റ്റ് കൊടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സംസ്ഥാന സർക്കാർ നിസ്സഹകരിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ല. കരാർ മരവിപ്പിക്കുകയും മന്ത്രിസഭാ ഉപസമിതിയെ വയ്ക്കുകയും ആണ് ചെയ്തത്. പുതിയ സർക്കാർ നയപരമായി തീരുമാനിച്ചാൽ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ. അതിന് പ്രേരിപ്പിച്ചത് എന്തെന്നാണ് ചോദ്യം. കേന്ദ്ര സർക്കാർ എന്തെങ്കിലും വാദ്ഗാനം നൽകിയോ? ഉദ്ദേശ ശുദ്ധി വിശദീകരിക്കേണ്ടത് യുഡിഎഫ് ആണെന്നും പിണറായി ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലും ഉപേക്ഷിക്കാനാകുന്ന ഒന്നാണ് പിഎംശ്രീ. ധാരണ പത്രം ഒപ്പിട്ടാൽ പിൻമാറാൻ കഴിയില്ലെന്ന നിയമോപദേശം കിട്ടിയോ? ഉണ്ടെങ്കിൽ അത് വ്യക്തമാക്കണം. 

യോഗ ദിനാചരണത്തിലെ ഗവർണറുടെ ഇടപെടലിൽ, ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്ന കാഴ്ചയാണിതെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണകാര്യങ്ങളിൽ ഇടപെടുന്നത്? ഇത് അത്യന്തം ഗുരുതരമായ സാഹചര്യമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി കണ്ടില്ല. സംഘപരിവാർ വിധേയത്വം കാണിക്കുന്നു എന്ന ആക്ഷേപം നാട്ടിലുണ്ട്. കിട്ടിയ അവസരം ഗവർണറും ശരിയായി ഉപയോഗിക്കുന്നു. സംസ്ഥാനത്തിന്റെ അന്തസ്സാണ് ചോദ്യം ചെയ്യുന്നത്. മുമ്പ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഗവർണർ നേരിട്ട് വിളിച്ചപ്പോൾ സർക്കാർ എടുത്ത നിലപാട് മുൻപിൽ ഉണ്ടല്ലോ എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 

പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുന്നു പിണറായി പറഞ്ഞു. പകർച്ചവ്യാധികൾ വലിയ തോതിൽ കൂടുന്നു. അഡ്വൈസ് ലഭിച്ച ഡോക്ടർമാരുടെ ഒഴിവുകൾ നികത്തപ്പെടുന്നില്ല. സംഘടനകളുടെ ഇടപെടലാണ് നിയമനം വൈകിപ്പിക്കുന്നത്. സ്ത്രീ സുരക്ഷാ, കണക്ട് ടു വർക്ക് പദ്ധതികൾ പുതിയ സർക്കാർ തകർക്കുന്നുവെന്നും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. 

സ്ത്രീ സുരക്ഷാ പദ്ധതി മുടങ്ങിയെന്ന് പറഞ്ഞ പിണറായി പുതിയ അപേക്ഷകളിൽ നടപടി എടുക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനവകുപ്പ് രണ്ട് മാസമായി പെൻഷൻ തടഞ്ഞു വെച്ചു. പദ്ധതിയെ പൂർണ്ണമായും തകർക്കാനുള്ള അണിയറ നീക്കം നടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീപക്ഷ സർക്കാരെന്ന് മേനി നടിക്കുന്നവരാണ് പെൻഷൻ മുടക്കിയത്. സർക്കാർ നിലപാട് തിരുത്തി പെൻഷൻ നൽകണമെന്നും അർഹരായ എല്ലാവർക്കും സാമ്പത്തിക സഹായം വിതരണം ചെയ്യണമെന്നും വാര്‍ത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming