പാർക്കിനെ കുറിച്ച് മിണ്ടാട്ടമില്ല, ദുരന്തം നേരിടുന്നതിലും പരാജയം; പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: പ്രകൃതിക്ഷോഭംനേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ദുരന്തനിവാരണ സേന എത്താന്‍ വൈകി. ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിച്ചില്ല. ഓഖിയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും റവന്യൂവകുപ്പ് നിര്‍ജീവമായിരുന്നു. ഇത് സംബന്ധിച്ച് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല നല്‍കിയ അടിയന്തര പ്രമേയവും അനുവദിക്കാത്തതോടെയാണ് പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്. പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതില്‍ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം റവന്യു മന്ത്രി നിഷേധിച്ചു. കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ സേന എത്താന്‍ വൈകിയെന്നത് ശരിയല്ലെന്നും മന്ത്രി മറുപടി നല്‍കി. 

എന്നാല്‍ റവന്യു മന്ത്രി പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 14 പേർ മരിച്ചിട്ടും മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് വീഴ്ചയാണ്. കട്ടിപ്പാറയിലെ അപകടം രൂക്ഷമാകാനുള്ള കാരണം ജലസംഭരണിയാണ്. ദുരന്തത്തിന്‍റെ കാരണമായ തടയണയെ കുറിച്ച് റവന്യു മന്ത്രി ഒന്നും പറഞ്ഞില്ല. ആരാണ് ഇതിന് അനുമതി നല്‍കിയത്. സമീപത്ത് എംഎല്‍എയുടെ അപകടമേഖലയിലുള്ള പാര്‍ക്കിനെ കുറിച്ചും റവന്യു മന്ത്രി മിണ്ടുന്നില്ലെന്നും റവന്യു വകുപ്പില്‍ എന്തും നടക്കുമെന്നതാണ് അവസ്ഥയെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം കട്ടിപ്പാറയിലെ ജലസംഭരണിയെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തുക. 

സഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പാര്‍ക്കിനെതിരെ ആഞ്ഞടിച്ചു. പാര്‍ക്കിന്‍റെ 30 മീറ്റര്‍ അകലെ ഉരുള്‍പൊട്ടല്‍ ഉണ്ടായി ഇതിനെകുറിച്ച് റവന്യുമന്ത്രി മറച്ചുവയ്ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അനധികൃത പാര്‍ക്കിനെ കുറിച്ചും, സമീപത്തെ ഉരുള്‍പൊട്ടലിനെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.