ഇ അഹമ്മദിന്റെ ആരോഗ്യസ്ഥിതി, ബജറ്റ് അവതരണത്തിനായി മറച്ചു വയ്‌ക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹത്തെ അപമാനിച്ചെന്നും ആരോപിച്ചുള്ള ബഹളം കാരണം ലോക്‌സഭ വെള്ളിയാഴ്ച സ്തംഭിച്ചിരുന്നു. രാജ്യസഭയില്‍ സീതാറാം യെച്ചുരി വിഷയം ഉന്നയിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവസരം കിട്ടിയിരുന്നില്ല. ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്യാനുള്ള നോട്ടീസ് ഗുലാംനബി ആസാദ് നല്കും. ഒപ്പം ലോക്‌സഭയിലെ എംപിമാര്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കും.
അന്വേഷണം വേണമെന്ന നിലപാടില്‍ എം.പിമാര്‍ ഉറച്ചു നിലക്കും. എം.പിമാരുടെ സമിതി ഇതിനായി രൂപീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. അന്വേഷിക്കാം എന്ന ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇ അഹമ്മദിന്റെ കുടുംബാംഗങ്ങള്‍ക്ക് നല്കിയിരുന്നു. അതേ സമയം വിവാദം അവസാനിപ്പിക്കണം എന്ന നിലപാടിലാണ് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍. ഡോക്ടര്‍മാര്‍ ഇതിനകം വിശദീകരണം നല്കിയതാണെന്നും സര്‍ക്കാര്‍ പറയുന്നു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ് രണ്ടു സഭകളിലും ഈയാഴ്ച പ്രധാന അജണ്ട. നാലു ദിവസം മാത്രം ഈ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ ശേഷിക്കുമ്പോള്‍ ഇ അഹമ്മദിന്റെ ചികിത്സ കൈകാര്യം ചെയ്ത വിഷയം സര്‍ക്കാരിന് വലിയ തലവേദനയാകുകയാണ്.
