ഇന്ന് ഇതുവരെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഇരു സഭകളിലും എത്തിയിട്ടില്ല. എന്നാല്‍ രാവിലെ പാര്‍ലമെന്റിനുള്ളില്‍ നടന്ന മറ്റൊരു ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ഭരണഘടനാ ദിനത്തോടനുബന്ധിച്ചുള്ള ഈ ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം പ്രതിപക്ഷത്തെ ശക്തമായി കടന്നാക്രമിച്ച ശേഷം പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയില്ല. ചെറിയ സാധാരണ ചടങ്ങുകളില്‍ പോലും പ്രതിപക്ഷത്തെ ശക്തമായി കടന്നാക്രമിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പ്രധാനമന്ത്രി നടത്തുന്നത്. കള്ളപ്പണക്കാരെ സഹായിക്കാനാണ് പ്രതിപക്ഷം ഇപ്പോള്‍ ബഹളമുണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് നോട്ടു പിന്‍വലിച്ചതെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതിനര്‍ത്ഥം കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടത്ര സമയം അവര്‍ക്ക് കിട്ടിയില്ലെന്നാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. ഇന്ത്യ, അഴിമതിക്കെതിരായ വലിയൊരു പോരാട്ടത്തിലാണ്. അതില്‍ സാധാരണക്കാരാണ് പോരാടിക്കൊണ്ടിരിക്കുന്നത്.  രാജ്യാന്തര തലത്തില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന തീരുമാനമാണ് തന്റേതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ പാര്‍ലമെന്റില്‍ വരാതെ തന്റെ തീരുമാനത്തെ പാര്‍ലമെന്റിന് പുറത്ത് പ്രധാനമന്ത്രി ശക്തമായി ന്യായീകരിച്ചത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഇരു സഭകളും ചേര്‍ന്നപ്പോള്‍ ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷത്തെ പാര്‍ലമെന്റിന് പുറത്ത് അപമാനിച്ചതില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.