തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. അധികാര ദുര്‍വിനിയോഗം നടത്തിയ ഇ പി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ നടപടി വേണമെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. അതേസമയം ബന്ധു നിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ചു.
സ്വശ്രയ ശേഷം ബന്ധു നിയമന വിവാദത്തില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. മാതൃകാപരമായ നടപടി വേണമെന്ന വിഎസിന്റെ ആവശ്യത്തിന് പിന്നാലെയാണ് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മാധ്യമങ്ങളെ കണ്ടത്. ഭരണ ഘടനയെ വെല്ലുവിളിച്ച മന്ത്രിയെ ഉടന്‍ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി വിശുദ്ധനാകാന്‍ ശ്രമിക്കുന്നതെന്നാരോപിച്ച പ്രതിപക്ഷ നേതാവ് ജയരാജനെതിരെ കേസെടുക്കാന്‍ വിജലന്‍സ് തയ്യാറാകണമെന്നും പറഞ്ഞുവച്ചു.
വിഎസിന്റെ പ്രസ്ഥാവന സ്വാഗതാര്‍ഹമെന്ന് വിലയിരുത്തിയ ബി ജെ പി നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് വിശദീകരണം പാര്‍ടിയുടേയും സര്‍ക്കാറിന്റെയും അറിവോടെയാണോ എന്ന് മുഖ്യമന്ത്രി പറയണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
