ദില്ലി: പാര്‍ലമെന്റ് സ്തംഭനം തുടരുന്ന സാഹചര്യത്തില്‍ ഭാവി നിലപാട് തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നു ചേരും. ആദായനികുതി ഭേദഗതി ബില്‍ ഇന്നും രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്‌സഭയില്‍ ചട്ടം 193 പ്രകാരം പണം അസാധുവാക്കല്‍ വിഷയത്തിലുള്ള ചര്‍ച്ച അജണ്ടയില്‍ ഉള്‍പ്പെടുത്തി. ടി ആര്‍ എസ് നേതാവ് ജിതേന്ദര്‍ റെഡ്ഡി ചര്‍ച്ച തുടങ്ങാന്‍ കഴിഞ്ഞ ദിവസം എണീറ്റെങ്കിലും പ്രതിപക്ഷം ഇത് തടസ്സപ്പെടുത്തിയിരുന്നു. ഈ ചര്‍ച്ച തുടരുന്നതായാണ് അജണ്ടയില്‍ വ്യക്തമാക്കിയിരിക്കുന്നത്. വോട്ടെടുപ്പോടെയുള്ള ചര്‍ച്ച തന്നെ വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇതില്‍ വിട്ടു വീഴ്ച വേണോ എന്ന് രാവിലെ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും. വിട്ടുവീഴ്ച വേണമെന്ന് പല പാര്‍ട്ടികളിലും അഭിപ്രായം ഉയരുന്നുണ്ടെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത നിലപാടിലാണ്. ചര്‍ച്ച തുടങ്ങിയാല്‍ പ്രധാനമന്ത്രി സംസാരിക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭയില്‍ ആദായ നികുതി ഭേദഗതി ബില്‍ അജണ്ടയിലുണ്ട്. ലോക്‌സഭ പാസാക്കിയ ബില്ലവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ താല്പര്യം കാട്ടിയിരുന്നില്ല. ബാങ്കുകള്‍ക്ക് മുന്നിലുള്ള ക്യൂ അവസാനിക്കാതിരിക്കുമ്പോള്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിക്കുന്നതെങ്കില്‍ പാര്‍ലമെന്റ് ഈയാഴ്ചയും നടക്കാനിടയില്ല.