ദില്ലി: ചരക്കു സേവന നികുതി രാഷ്‌ട്രപതിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തു വന്നു. ആര്‍ധരാത്രിയിലെ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ വിട്ടുനില്‍ക്കില്ലെന്ന് സിപിഎം വ്യക്തമാക്കി.
പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വെളിയാഴ്ച അര്‍ധരാത്രി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കുന്ന ജിഎസ്‌ടി ഉദ്ഘാടന ചടങ്ങിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും വേദിയിലിരിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ഉദ്ഘാടനം ബഹിഷ്ക്കരിക്കണം എന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. ജിഎസ്‌ടി മഹാവിഡ്ഢിത്തമാണെന്നും ചടങ്ങ് ബഹിഷ്ക്കരിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.
ക്ഷണക്കത്തില്‍ രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ജിഎസ്‌ടി അവതരിപ്പിക്കുമെന്ന് പറയുന്നത് രാഷ്‌ട്രപതിയോടുള്ള അവഹേളനമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. സിപിഎമ്മിനുള്ളിലും രണ്ടഭിപ്രായം ദൃശ്യമാണ്. കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക് പങ്കെടുക്കുമ്പോള്‍ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിട്ടുനില്‍ക്കും. ഇത് ബഹിഷ്ക്കരണമല്ലെന്ന് യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഉള്‍പ്പടെ ധനമന്ത്രിമാര്‍ ജിഎസ്‌ടി കൗണ്‍സിലില്‍ നിയമത്തെ അനുകൂലിച്ചെങ്കിലും ജൂലൈ ഒന്നിനു ശേഷം ആശയക്കുഴപ്പവും ആശങ്കയും തുടരുന്നെങ്കില്‍ അത് മുതലെടുക്കാനാണ് പ്രതിപക്ഷ തീരുമാനം.
