ഒരു പ്രത്യേക മതവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി മാത്രം തയ്യാറാക്കിയ ഗാനം ആലപിച്ചത് തമിഴ് ഭാഷയെയും സംസ്കാരത്തെയും അപമാനിക്കുന്നതിന് തുല്യം

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍ സംസ്കൃത ഗാനം ആലപിച്ചതില്‍ പ്രതിഷേധം. തിങ്കളാഴ്ച നിതിന്‍ ഗഡ്കരിയും പൊന്‍രാധാകൃഷ്ണനും പങ്കെടുത്ത ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ മുത്തുസ്വാമി ദീക്ഷിതരുടെ 'മഹാ ഗണപതിം' ആലപിച്ചത്. 

തമിഴ്നാട്ടിലെ എല്ലാ സര്‍ക്കാര്‍ ചടങ്ങുകളും സംസ്ഥാന ഗീതം ആലപിച്ചുകൊണ്ടാണ് ആരംഭിക്കുന്നതെന്നും ഇതിന് മാറ്റം വരുത്തിയത് അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. ഒരു പ്രത്യേക മതവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി മാത്രം തയ്യാറാക്കിയ ഗാനം ആലപിച്ചത് തമിഴ് ഭാഷയെയും സംസ്കാരത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും എം.ഡി.എം.കെ അധ്യക്ഷന്‍ വൈക്കോ ആരോപിച്ചു. പി.എം.കെ നേതാവ് അന്‍ബുമണി, സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ എന്നിവരും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം ഐ.ഐ.ടിയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും എല്ലാവര്‍ക്കും തമിഴ് പാട്ട് പാടാന്‍ കഴിയില്ലെന്നും ഡയറക്ടര്‍ ഭാസ്കര്‍ രാമമൂര്‍ത്തി പറഞ്ഞു. വിവിധ പരിപാടികളില്‍ കുട്ടികള്‍ മറാത്തിയും ഹിന്ദിയും ബംഗാളിയും മറ്റ് ഭാഷകളിലുമൊക്കെയുള്ള പാട്ടുകള്‍ പാടാറുണ്ട്. ഏത് പാട്ട് പാടണമെന്ന് വിദ്യാര്‍ത്ഥികളോട് തങ്ങള്‍ നിര്‍ദ്ദേശിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.