സഭാ ഡയറി

സ്വാശ്രയവും കമ്മ്യൂണിസവും തമ്മില്‍ എന്താണ് ബന്ധം? അത് നിര്‍വ്വചിക്കണമെങ്കില്‍ മാര്‍ക്സിന്റെ മൂലധനം മുതല്‍ കൂത്ത്പറമ്പ് രക്ത സാക്ഷികളുടെ കഥ വരെ പറയണം. സ്വാശ്രയക്കൊള്ളയ്‌ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസാണ് സന്ദര്‍ഭം. 

ഒരു കാലത്ത് സ്വാശ്രയ സമരത്തിന്റെ മുന്നണിയില്‍ നിന്ന് പോരാടിയവരുടെ നീണ്ടനിര ഭരണപക്ഷത്ത്. എംഎല്‍എയും എംപിയുമൊക്കെയായപ്പോള്‍ പൂര്‍വ്വാശ്രമം മറന്നോ എന്ന് കാതടപ്പിക്കുന്ന ചോദ്യം വി ടി ബല്‍റാമിന്റെ വക. അവിടെയും നിര്‍ത്തിയില്ല ,എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഒക്കെ നടത്തിയത് കരിയര്‍ ഓറിയന്റഡ് സമരം ആയിരുന്നോ എന്ന് അടുത്ത ചോദ്യം. സ്വന്തം ഭൂതകാലത്തെ നോക്കി പല്ലിളിക്കരുതെന്ന ഉപദേശം കൂടി കൊടുത്തു വി ടി ബല്‍റാം. സഖാക്കള്‍ കമാ ന്ന് ഒരക്ഷരം മിണ്ടാതിരുന്നതിന് സഭ സാക്ഷി. 

പാവപ്പെട്ടവന്റെ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത ഫീസ് ഘടനയാണ്, പിന്നെ കമ്മ്യൂണിസം പറഞ്ഞിട്ടെന്ത് കാര്യമെന്ന ചോദ്യം ഏറ്റുപിടിച്ചത് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കമ്മ്യൂണിസം നടപ്പാക്കാന്‍ കാലം ശരിയല്ലെന്ന് ബല്‍റാമിനറിയില്ലേ എന്ന് ആരോഗ്യമന്ത്രി. തുടര്‍ന്നെഴുന്നേറ്റ പ്രതിപക്ഷ നേതാവിന്റെ അമ്പു ഇടത് യുവജന നിരയിലേക്ക് തന്നെ. സ്വാശ്രയ കച്ചവടത്തിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുമ്പോള്‍ എസ് എഫ്‌ ഐയും ഡി വൈ എഫ്‌ ഐയും കാശിക്ക് പോയോ എന്ന് പരിഹാസം. 

ഇതിനിടക്കെപ്പോഴോ അടിയന്തര പ്രമേയം ആന്റി ക്ലൈമാക്‌സിലേക്ക് മാറി. ആകാംഷയുടെ രസച്ചരട് പൊട്ടിച്ച് ചെന്നിത്തല ആ രഹസ്യം വെളിപ്പെടുത്തി. പാട്ടുകാരനും ആര്‍ട്ടിസ്റ്റും സര്‍വ്വോപരി ഭിഷഗ്വരനുമായ ഡോ എം കെ മുനീര്‍ ഈ അദ്ധ്യയന വര്‍ഷം പിജിക്ക് ചേരാനിരുന്നതാണത്രെ. സ്വാശ്രയകോളേജ് പ്രശ്‌നം സമൂഹത്തില്‍ ഉള്ളിടത്തോളം മുറി വൈദ്യനെന്ന പേരുദോഷം ഇനിയും മുനീറിനെ വേട്ടയാടുമെന്ന് ചുരുക്കം.