സംഘപരിവാർ അജണ്ടക്ക് കീഴ്പെടാത്ത നടപടികളേ ഉണ്ടാകുയെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പി. പ്രസാദ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ്, വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തള്ളി. മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയത് കരാർ നടപ്പാക്കാനാണെന്ന നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കരാറിൽ ഒപ്പിടാൻ തയ്യാറാണെന്ന് കാണിച്ച് മുൻ ഇടതുപക്ഷ സർക്കാർ 2024-ൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇരുട്ടിന്റെ മറവിൽ ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാൻ അവകാശം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
സംസ്ഥാന താൽപര്യം ബലികഴിച്ചാണ് അന്ന് എൽഡിഎഫ് കരാർ ഒപ്പിട്ടത്. എൽഡിഎഫ് കാലത്തെപ്പോലെ നിഗൂഢമായ പ്രവർത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ല. നിലവിൽ എൽഡിഎഫ് വിവാദമുണ്ടാക്കുന്നത് തങ്ങളുടെ ജാള്യത മറയ്ക്കാനാണ്. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടല്ല എൽഡിഎഫ് അന്ന് കത്ത് നൽകിയത്. അത് നീട്ടിവെക്കണം എന്ന് മാത്രമാണ് അറിയിച്ചിരുന്നത്. കേരളത്തിന്റെ എല്ലാ അവകാശവും ബലികഴിച്ചാണ് എൽഡിഎഫ് കരാർ വെച്ചത്. ഉപസമിതി തീരുമാനം വരും മുൻപ് ഊഹത്തിന്റെ പേരിലാണ് ഇപ്പോൾ പ്രതിപക്ഷം നോട്ടീസ് നൽകിയിരിക്കുന്നത്. പദ്ധതിയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. മേയ് 8-ന് കാവൽ സർക്കാരിന്റെ കാലത്താണ് കേന്ദ്രത്തിന്റെ കത്ത് വന്നത്. സംഘപരിവാർ അജണ്ടയ്ക്ക് കീഴ്പെടാത്ത നടപടികളേ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകൂ എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മറുപടി
അധികാരത്തിൽ വന്നപ്പോൾ പദ്ധതി എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. എന്തേ ഇപ്പോൾ ഒഴുക്കാൻ തയ്യാറാകാത്തത്? അധികാരത്തിൽ വന്ന് ഒരു മാസത്തിനകം അതുവരെ ഉണ്ടായിരുന്ന നിലപാടെല്ലാം മാറി. കരാർ ഒപ്പിട്ട് എട്ട് മാസം ആയിട്ടും ഇതേവരെ ആ പദ്ധതി നടപ്പായിട്ടില്ല. ഇത് കേന്ദ്രസർക്കാരും സമ്മതിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാർ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്. നിലവിൽ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പായിട്ടില്ല.
ഒപ്പിട്ടാൽ പിന്മാറാൻ അവകാശമില്ലെന്ന മന്ത്രിയുടെ വാദം ശരിയല്ല. ധാരണാപത്ര പ്രകാരം ചെയ്യേണ്ട ഒരു കാര്യവും സർക്കാർ ചെയ്തിട്ടില്ല. സ്കൂളുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് കൊടുക്കാത്തത് തന്നെ പദ്ധതി നടപ്പാക്കാൻ ഉദ്ദേശമില്ലെന്നതിന്റെ തെളിവാണ്. ഇതുവരെ ഒരു ലിസ്റ്റും സർക്കാർ ഉണ്ടാക്കിയിട്ടില്ല. സംഘപരിവാർ അജണ്ടയ്ക്ക് മുന്നിൽ നിർലജ്ജം കീഴടങ്ങാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.


