Asianet News MalayalamAsianet News Malayalam

ഓറഞ്ച് പാസ്പോര്‍ട്ട്: കേരള ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

orange passport kerala high court issues notice to centre
Author
First Published Jan 29, 2018, 9:49 PM IST

തിരുവനന്തപുരം: രാജ്യത്തെ പൗരന്മാര്‍ക്ക് രണ്ട് തരം പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം എന്നാണ് നിര്‍ദേശം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ പാസ്സ്‌പോര്‍ട്ടിന്റെ ചുമതലയുള്ള അഡീഷനല്‍ സെക്രട്ടറിയും വിശദീകരണം നല്‍കണം. വിദ്യാഭ്യാസ യോഗ്യത കുറവുള്ളവരെ രണ്ടാംകിട പൗരന്‍മാരായി പരിഗണിക്കുന്ന വിധത്തിലുള്ളതാണ് പുതിയ മാറ്റമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.

ഓറഞ്ച് നിറമുള്ള പാസ്‌പോര്‍ട്ട് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം ആണെന്നാണ് ആക്ഷേപം. പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലെ മേല്‍വിലാസം ഒഴിവാക്കുന്നത് നിയമവിരുദ്ധമാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. ദുബായില്‍ അഭിഭാഷകന്‍ ആയ കൊല്ലം സ്വദേശി ഷംസുദ്ദീന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക ശേഷിയും കുറഞ്ഞവര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്നതും അവരെ രണ്ടാംകിട പൗരന്‍മാരായി പരിഗണിക്കുന്നതുമാണ് പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്ന നടപടിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

കൂടാതെ, പാസ്പോര്‍ട്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനത്തെയും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നുണ്ട്. ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയത്. വ്യക്തികളുടെ സ്വകാര്യതയിലും അഭിമാനബോധത്തിലുമുള്ള കടന്നുകയറ്റമാണ് ഇത്തരമൊരു നടപടിയിലൂടെ ഉണ്ടാവുക. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ തേടി പോകുന്ന സാധാരണക്കാരെയാണ് ഇത് ഏറെ ബാധിക്കുക. ഇത്തരമൊരു വേര്‍തിരിവിലൂടെ പ്രത്യേകിച്ച് ഒരു നേട്ടവുമില്ല. മാത്രമല്ല, തുല്യതയ്ക്കുള്ള അവകാശത്തിനുമേല്‍ നടത്തുന്ന ഗുരുതരമായ കടന്നുകയറ്റമാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്പോര്‍ട്ടുകള്‍ ഓറഞ്ച് നിറവും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൂടാതെ, പാസ്‌പോര്‍ട്ട് ഉടമയുടെ മേല്‍വിലാസവും എമിഗ്രേഷന്‍ സ്റ്റാറ്റസും പാസ്‌പോര്‍ട്ടിന്റെ അവസാനപേജില്‍ നിന്ന് ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്പോര്‍ട്ടുകളൊഴികെ ബാക്കിയെല്ലാത്തിനും കടുംനീല പുറംചട്ടയാണുള്ളത്.
 

Follow Us:
Download App:
  • android
  • ios