ഗുരുവായൂരില്‍ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ച ഉത്തരവ് പിന്‍വലിച്ചു
ഗുരുവായൂര്: ഗുരുവായൂരിലെ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിൻവലിച്ചു. അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ച ഉത്തരവാണ് പിൻവലിച്ചത്. തന്ത്രിയുടെയും ഭക്ത സംഘടനകളുടെയും എതിർപ്പാണ് കാരണം. പ്രസാദ ഊട്ടിൽ ദേവസ്വം ബോര്ഡ് വരുത്തിയ മാറ്റം പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് ദേവസ്വം മന്ത്രിക്കും ഭരണ നേതൃത്വത്തിനും കത്ത് നല്കിയിരുന്നു.
ഗുരുവായൂര് ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു നേരത്തെ പ്രസാദ ഊട്ട്. ഇത് ക്ഷേത്രത്തിനു പുറത്തുള്ള ഹാളിലേയ്ക്ക് മാറ്റിയതോടെ അഹിന്ദുക്കൾക്കും ഭക്ഷണം കഴിക്കാനുള്ള അവസരമൊരുങ്ങിയിരുന്നു. ഇങ്ങനെ പ്രസാദ ഊട്ട് പുറത്തേക്ക് മാറ്റിയത് ആചാരലംഘനമാണെന്ന് തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് കത്തിൽ വ്യക്തമാക്കിയിരുന്നു.
ദേവസ്വം ഭരണസമിതി ഇത്തരം തീരുമാനം എടുക്കും മുമ്പ് തന്ത്രിയോട് ആലോചിക്കേണ്ടതായിരുന്നു. ക്ഷേത്രാചാരങ്ങള് പാലിക്കാതെ പ്രസാദ ഊട്ട് നല്കുന്നതിന് എതിരെ ചില ഭക്തസംഘടനകളും അസംതൃപ്തി അറിയിച്ചിരുന്നു. എന്നാല് കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭരണസമിതി തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. നേരത്തെ ചെമ്പൈ സംഗീതോല്സവും ഭരണസിമിതി ക്ഷേത്രത്തിന് പുറത്തേയ്ക്കു മാറ്റിയിരുന്നു.
