തിരുവനന്തപുരം: കാടുപിടിച്ചുകിടന്നിരുന്ന തിരുവനന്തപുരം പൊങ്ങുംമൂട് ഗവണ്‍മെന്റ് എല്‍.പി. സ്കൂളിന്റെ പരിസരം പൂക്കളും പച്ചക്കറികളുംകൊണ്ട് നിറഞ്ഞു.'പൂക്കളും കൂട്ടുകാരും' എന്ന ഫേസ് ബുക്ക് ഗ്രൂപ്പാണ് ഇതിന് പിന്നില്‍. ഫേസ്ബുക്ക്, വാട്സ് ആപ്പ് കൂട്ടായ്മകളും അവരുടെ കൂടിച്ചേരലുകളുമൊക്കെ ഇന്ന് പതിവാണ്. പലതും സൗഹൃദസംഭാഷണങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്ക് അതിനുമപ്പുറം ചെയ്യാനാകുമെന്ന് തെളിയിക്കുകയാണ്'പൂക്കളും കൂട്ടുകാരും' എന്ന ഫേസ് ബുക്ക് ഗ്രൂപ്പ്.
പൂക്കളെയും ജൈവപച്ചക്കറി കൃഷിയെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണിത്. 14000 അംഗങ്ങളുള്ള ഗ്രൂപ്പിന്‍റെ കൂടിച്ചേരല്‍ ഇത്തവണ തിരുവനന്തപുരത്ത് ശ്രീകാര്യത്തിന് സമീപമുള്ള പൊങ്ങുംമൂട് ഗവണ്‍മെന്റ് എല്‍.പി. സ്കൂളിലായിരുന്നു. വെറും കൂടിച്ചേരല്‍ മാത്രമായിരുന്നില്ല ഇവരുടെ ഉദ്ദേശം.
കാടുപിടിച്ച് കിടന്നിരുന്ന സ്കൂളിന്റെ പരിസരം ഈ കാണുന്നപോലെ പൂക്കളും ജൈവപച്ചക്കറികളും കൊണ്ട് സമ്പന്നമാക്കുക കൂടിയായിരുന്നു. 40 സെന്റ് സ്ഥലത്താണ് ജൈവപച്ചക്കറി കൃഷി ചെയ്തതും ചെടികള്‍ നട്ടതും. പയറും പാവലും തക്കാളിയും വെണ്ടയും ചേനയും ചേമ്പും വാഴയുമെല്ലാമുണ്ട്. സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഇനി ഇവയുമുണ്ടാകും.

ഒപ്പം കറ്റാര്‍ വാഴയും പിത്തലിയും വിവിധതരം തുളസിയുമെല്ലാം ഉള്‍പ്പെട്ട ഔഷധ സസ്യതോട്ടവുമുണ്ട്. ജൈവപച്ചക്കറിത്തോട്ടവും പൂന്തോട്ടവും കാണാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനുമെത്തി. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ആശയത്തിന്‍റെ സൃഷ്ടാവും, പൂക്കളും കൂട്ടുകാരും ഗ്രൂപ്പിലെ അംഗവുമായ പന്തളം കൃഷി ഓഫീസര്‍ ഹരികുമാര്‍ മാവേലിക്കരയെ കൂട്ടായ്മയില്‍ അഭിനന്ദിച്ചു.
