കൊച്ചി: പള്ളിത്തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളുടെ സമവായ ചർച്ച കൊച്ചിയിൽ നടന്നു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ വീട്ടിലാണ് ചര്‍ച്ച നടന്നത്. അദ്ദേഹത്തിന്‍റെ മധ്യസ്ഥതയിലാണ് ചർച്ച നടന്നത്. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നു യാക്കോബായ വിഭാഗം പ്രതികരിച്ചു.

യാക്കോബായ സഭയിൽ നിന്നും ജോസഫ് മാർ ഗ്രിഗോറിയസ് ( കൊച്ചി ഭദ്രാസനം), കുര്യാക്കോസ് മാർ തിയോഫിലോസ്, കോർ എപ്പിസ്‌കോപ്പ സ്ലീബ പോൾ വട്ടവെലിൽ എന്നിവർ പങ്കെടുത്തു. ഓർത്തഡോക്സ് വിഭാഗത്തിൽ നിന്ന് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത എന്നിവരും ചര്‍ച്ചയ്ക്കെത്തി. 

പള്ളിത്തര്‍ക്ക വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലാണ് ഇരു വിഭാഗവും ചര്‍ച്ചയ്ക്ക് സന്നദ്ധമായത്. സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം തേടുമെന്ന് ഓര്‍ത്തഡോക്സ് സഭ നേരത്തെ അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്ന പ്രമേയം പള്ളികളില്‍ വായിക്കുകയും ചെയ്തു. മാറി മാറി വന്ന സർക്കാരുകൾ നീതി നടപ്പാക്കാൻ ഇടപെട്ടിട്ടില്ലെന്നും ഓര്‍ത്തഡോക്സ് സഭയുടെ വാദം. പിറവം പളളിയുടെ കാര്യത്തിലടക്കം തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കണമെന്നാണ് ഓർത്ത‍ഡോക്സ് സഭയുടെ ആവശ്യം. എന്നാൽ, സർക്കാർ ഇടപെട്ട് സമവായ ചർച്ച വേണമെന്ന് യാക്കോബായ വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു.