തൃശ്ശൂർ മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിക്ക് മുന്നിൽ ഓർത്തഡോക്സ് വിഭാഗം നടത്തുന്ന കുത്തിയിരിപ്പ് സമരം രണ്ടാം ദിവസവും തുടരുകയാണ്.

തൃശ്ശൂര്‍‌: തൃശ്ശൂർ മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിക്ക് മുന്നിൽ ഓർത്തഡോക്സ് വിഭാഗം നടത്തുന്ന കുത്തിയിരിപ്പ് സമരം രണ്ടാം ദിവസവും തുടരുകയാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭദ്രാസനാധിപൻ യൂഹന്നാൻ മോർ മിലിത്തിയോസിന്‍റെ നേതൃത്വത്തിലാണ് കുത്തിയിരിപ്പ്. ഓർത്തഡോക്സ് വിഭാഗത്തെ തടഞ്ഞ യാക്കോബായ വിശ്വാസി സംഘവും പള്ളിക്കകത്ത് തുടരുകയാണ്.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ പള്ളിയിൽ എത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിശ്വാസികൾ തടഞ്ഞു. ഇതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് പ്രതിഷേധവുമായി പള്ളിയ്ക്ക് മുന്നിൽ ഓർത്തഡോക്സ് വിഭാഗം കുത്തിയിരിക്കുകയാണ്.

ഒരു മാസം മുമ്പാണ് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ ഹൈക്കോടതി വിധി വന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിക്കാൻ ഒല്ലൂർ പൊലീസിന്‍റെയും തൃശൂർ ജില്ലാ ഭരണകൂടത്തിന്‍റെയും സഹായം തേടിയിരുന്നു. എന്നാൽ കോടതി വിധി നടപ്പക്കാൻ അധികൃതരുടെ പിന്തുണ കിട്ടിയില്ലെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ പരാതി. ഈ സാഹചര്യത്തിലാണ് പള്ളിയ്ക്കു മുന്നിൽ ഓർത്തഡോക്സ് വിഭാഗം കുത്തിയിരിപ്പ് തുടങ്ങിയത്. ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസിന്‍റെ നേതൃത്വത്തിലാണ് ഉപരോധം. 

അതേസമയം യാക്കോബായ വിഭാഗത്തിലെ മുന്നൂറോളം ആളുകൾ പള്ളിയ്ക്കുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പള്ളിക്ക് ചുറ്റും പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നമുണ്ടായാൽ മാത്രം ഇടപെട്ടാൽ മതിയെന്നാണ് പൊലീസിന്‍റെ നിലപാട്.