ലൈംഗിക പീഡനപരാതിയിൽ ഓർത്തഡോക്സ് വൈദികരെ അറസ്റ്റ് ചെയ്യുമെന്ന് സൂചന
കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായുള്ള ലൈംഗിക പീഡന ആരോപണത്തില്‍ മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് മൂവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.വൈദികരെ സംരക്ഷിക്കില്ലെന്ന് സഭയും വ്യക്തമാക്കി.
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ദല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. വ്യക്തമായ മൊഴിയുള്ളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിച്ചായിരുന്നു കോടതി നടപടി .അന്വേഷണസംഘത്തിന് തുടർനടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ ഫാ.ജോൺസൻ വി മാത്യുവിന്റെ മുൻ കൂർ ജാമ്യാപേക്ഷയിൽ തീരുമാനം ആയില്ല. ഇത് കോടതി പിന്നീട് പരിഗണിക്കും. ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിയുടെ മൊഴി പോലീസ് ഇന്നലെയും രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് ഉറപ്പായതോടെയാണ് വൈദികര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. ഇവർ ഇപ്പോഴും ഒളിവിലാണ്. അതേ സമയം പ്രതികളായ വൈദികരെ സഭ സംരക്ഷിക്കില്ലെന്ന ഓർത്തഡോക്സ് സഭാ ട്രസ്റ്റി ഫാ. എം ഒ ജോൺ പ്രതികരിച്ചു.
വൈദികർക്കെതിരെ ശക്തമായ നടപടികളുമായി സഭയും നീതിന്യായ സംവിധാനവും മുന്നോട്ടു പോകണമെന്ന് ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ഭർത്താവ് ആവശ്യപ്പെട്ടു. കോടതിക്കും ദൈവത്തിനും നന്ദി പറയുന്നതായും പരാതിക്കാരൻ പ്രതികരിച്ചു.
