യുവതിയെ ബലാത്സംഗം ചെയ്തത് മൂന്ന് വൈദികര്‍ മാത്രമെന്ന് പൊലീസ്

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്തത് ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികർ മാത്രമാണെന്ന് അന്വേഷണ സംഘം. എഫ് ഐ ആറിലെ കൂടുതൽ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അതിനിടെ പരാതിക്കാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും എടുത്തു

ക്രൈംബ്രാഞ്ച് കേസെടുത്ത ഓർത്തഡോക്സ് സഭയിലെ നാല് വൈദികരിൽ ജോൺസൻ വി മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. തുമ്പമൺ ഭദ്രാസനത്തിലെ വൈദികനായ ജോൺസൻ മാത്രമാണ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാത്തത്.

കാറിൽ വച്ച് ജോൺസൻ ശരീരത്തില്‍ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. യുവതിയുടെ വീടിന്റെ പരിസരങ്ങളിലും താമസിച്ച സ്ഥലങ്ങളിലും അന്വേഷണ സംഘം തെളിവെടുത്തു. പരാതിക്കാരൻ അലക്സിന്റെ മൊഴി മൂന്നാം തവണയും എടുത്തു.

തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു മൊഴിയെടുപ്പ്. തിരുവല്ലയിൽ ക്യംപ് ചെയ്താണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം വരും വരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.

നേരത്തെ അഞ്ച് വൈദികര്‍ക്കെതിരെയാണ് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയത്. എന്നാല്‍ യുവതിയുടെ മൊഴിയില്‍ നാല് വൈദികര്‍ക്കെതിരെ മാത്രമാണ് ആരോപണമുണ്ടായിരുന്നു. അതില്‍ ഒരാള്‍ക്കെതിരെ സ്ത്രീത്വത്തെ അമപാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നാണ് യുവതി പരാതി നല്‍കിയത്.