ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും നടപടികള്‍.

കോഴിക്കോട്: അനുമതിയില്ലാതെ തട്ടിക്കൂട്ടിയ കെട്ടിടങ്ങളില്‍ മറുനാടന്‍ തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്ക് മേല്‍ പിടിവീഴുന്നു. കെട്ടിടങ്ങളില്‍ അനധികൃത നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലാ കലക്റ്ററുടെ നിര്‍ദേശം. 

കഴിഞ്ഞ ദിവസം കായക്കൊടി, കുറ്റ്യാടി പഞ്ചായത്തുകളിലെ മറുനാടന്‍ തൊഴിലാളി ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും നടപടികള്‍. ഇക്കാരണത്താല്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി കുറെക്കാലം കൂടി തൊഴിലാളികളെ താമസിപ്പിക്കാം എന്ന കെട്ടിട ഉടമകളുടെ പഴുതും അടയുന്നു. 

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലെ താമസ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഗരിമ പദ്ധതി പ്രകാരമുള്ള പരിശോധനയിലാണ് പല കെട്ടിടങ്ങളും അനധികൃതമായി നിര്‍മ്മിച്ചവയാണെന്ന് കണ്ടെത്തിയിട്ടുള്ളത്. നിലവിലുള്ള കെട്ടിടങ്ങള്‍ യാതൊരു അനുമതിയുമില്ലാതെ ഒന്നും രണ്ടും നിലകള്‍ പണിതുയര്‍ത്തിയിട്ടുണ്ട്. ഇവയില്‍ ആവശ്യമായ സൗകര്യങ്ങളൊന്നും ഇല്ലാതെ തന്നെ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയാണ്. 

മുറികള്‍ക്ക് ഉല്‍ക്കൊള്ളാനാകാത്ത വിധം ആളുകളെ താമസിപ്പിച്ചിട്ടുണ്ട്. കായക്കൊടിയില്‍ നടത്തിയ പരിശോധനയില്‍ ടൊയ്‌ലെറ്റ് മുറിയിലടക്കം തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളതായി യോഗം വിലയിരുത്തി. ഇവിടെ നിരവധി പേര്‍ക്ക് മന്ത് ഉള്‍പ്പെടെ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് പലരുടെയും രോഗം ചികിത്സിച്ച് ഭേദമാക്കി. 

ഇങ്ങനെ താമസിപ്പിച്ചിട്ടുള്ള ഓരോ വ്യക്തിയില്‍ നിന്നും 1500 രൂപ വരെയാണ് വാടക ഈടാക്കുന്നത്. അനധികൃത നിര്‍മ്മാണം നടത്തി തൊഴിലാളികളെ മോശമായ ജീവിത സാഹചര്യത്തില്‍ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരേ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ജില്ലാ ടൗണ്‍ പ്ലാനര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍, ഡിഎംഒ എന്നിവരെ ചുമതലപ്പെടുത്തി.