മുംബൈ: ഇന്ത്യൻ ജയിലുകൾ തനിക്ക് താമസിക്കാൻ യോഗ്യമല്ലെന്ന വാദവുമായി വിവാദ മദ്യ വ്യവസായി വിജയ് മല്യ. ബ്രിട്ടീഷ് കോടതിയിലാണ് മല്യയുടെ വിചിത്രമായ പരാതി. ഇന്ത്യൻ ബാങ്കുകളിൽനിന്ന് 9000 കോടയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസിൽ പ്രതിയായ മല്യയെ വിട്ടുകിട്ടണമെന്ന എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലെ വാദത്തിനിടെയാണ് മല്യയുടെ അഭിഭാഷകൻറെ വാദം.
ഇന്ത്യൻ ജയിലുകളിലെ ശൗചാലയങ്ങളുടെ ശോച്യാവസ്ഥയും സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളുടെ അഭാവവും മല്യയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. പ്രമേഹരോഗിയായ മല്യക്ക് പ്രത്യേക പരിചരണവും ഗൃഹഭക്ഷണവും വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തെ വിവരം ധരിപ്പിക്കുകയും ജയിൽ മാന്വൽ പ്രകാരം അനുവദനീയമെങ്കിൽ വിചാരണ പൂർത്തിയാകുംവരെ മല്യക്ക് പ്രത്യേകം ഭക്ഷണം നൽകുന്നത് സംബന്ധിച്ച് അഭിപ്രായം ആരായുകയും ചെയ്തു.
തുടര്‍ന്ന് യൂറോപ്യൻ മാതൃകയിലുള്ള ജയിൽ സജ്ജീകരിക്കാൻ സന്നദ്ധമാണെന്ന് ജയിൽ അധികൃതർ സമ്മതിച്ചു. ആർതർ റോഡ് ജയിൽ ഇതിന് അനുയോജ്യമാണെന്നും വേണമെങ്കിൽ മല്യയുടെ താൽപര്യമനുസരിച്ച് വേറെ നിർമിക്കാമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
