ദില്ലി; ദേശീയവാദികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന ആഹ്വാനം ചെയ്ത് ഇടയലേഖനം പുറത്തിറക്കിയ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദികളുടെ പിടിയിലായ ഫാദര്‍ ടോമിനെയും പ്രേമിനെയും എല്ലാം രക്ഷപ്പെടുത്തിയതിന് കാരണം രാജ്യസ്‌നേഹം തന്നെയാണെന്ന് മോദി പറഞ്ഞു. അവരെയൊന്നും മതമോ ജാതിയോ നോക്കിയല്ല രക്ഷപ്പെടുത്താനുള്ള നടപടികള്‍ ചെയ്തത്. ഐഎസിന്റെ പിടിയില്‍ നിന്ന് നഴ്‌സുമാരെ രക്ഷപ്പെടുത്തിയതും മതത്തിന്റെ പേരിലല്ല- മോദി പറഞ്ഞു. അഹമ്മദാബാദില്‍ എസ്ജിവിപി ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ വാദികളില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തണം എന്നും നിങ്ങളുടെ വോട്ടുകള്‍ ഭരണഘടനയുടെ നിലനില്‍പിനാവശ്യമായ മതേതരതയ്ക്ക് നല്‍കണമെന്നുമായിരുന്നു ബിഷപ്പിന്റെ ആഹ്വാനം. അതേസമയം തന്നെ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഉന്നം വയ്ക്കുന്നില്ലെന്നും ഓരോരുത്തര്‍ക്കും അവരുടെ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഇടയലേഖനം പുറത്തുവന്നതിനെ കുറിച്ച് മോദി നേരത്തെ ട്വിറ്ററിലും പ്രതികരണവുമായി എത്തിയിരുന്നു. ഒരു മതപണ്ഡിതന് എങ്ങനെയാണ് ദേശീയവാദികളെ തുരത്താന്‍ പറയാന്‍ കഴിയുന്നതെന്ന് അത്ഭുതപ്പെടുന്ന മോദി ലോകത്തെവിടെയുമുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ സഹായിക്കുന്നത് രാജ്യസ്‌നേഹമാണെന്നുമായിരുന്നു മോദിയുടെ പ്രതികരണം.