നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ചവന്‍

മോസ്‌കോ: ലോകകപ്പിലെ മരണപോരാട്ടത്തില്‍ ഫ്രഞ്ച് പടയുടെ വേഗതയ്ക്ക് മുന്നില്‍ കണ്ണീരണിഞ്ഞ അര്‍ജന്‍റീനയ്ക്കും മെസി ആരാധകര്‍ക്കും ഇതില്‍ കൂടുതല്‍ എന്തുവേണം. ജയിച്ചു കയറിയ ഫ്രാന്‍സിന്‍റെ താരം ഡെംബലയുടെ വാക്കുകള്‍ മെസി ആരാധകരെ പുളകമണിയിക്കുന്നതാണ്.

ഇതിഹാസതാരങ്ങള്‍ക്കെല്ലാം മുകളില്‍ ഇരിപ്പുറപ്പിക്കാന്‍ ലിയോണല്‍ മെസിയെന്ന മാന്ത്രികന് ഒരു കിരീടം വിജയം മാത്രമാണ് വേണ്ടിയിരുന്നത്. റഷ്യയില്‍ അതുണ്ടായില്ലെങ്കിലും ആരാധകര്‍ പ്രതീക്ഷയില്‍ തന്നെയാണ്. കിരീടങ്ങളൊന്നും കിട്ടിയില്ലെങ്കിലും മെസി ഇതിഹാസം തന്നെയാണെന്ന് കാല്‍പന്തുലോകം ഒന്നടങ്കം പറയുകയാണ്.

അതിനിടയിലാണ് ഡെംബലെ കൂടി മെസിയെ വാഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. കരുത്തനായി നിലയുറപ്പിക്കു, നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ചവന്‍ എന്നായിരുന്നു ഡെംബലെ ഫേസ്ബുക്കില്‍ കുറിച്ചത്. ബാഴ്സലോണയില്‍ മെസിയുടെ സഹതാരം കൂടിയാണ് ഡെംബലെ.