കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പഴയങ്ങാടി സ്വദേശി തോമസ് ഫിലിപ്പ് കോടികള്‍ തട്ടിയെന്ന് പൊലീസ് പറയുന്നു. ജോലി തേടിയെത്തുന്നവരെ വിമാനത്താവളങ്ങളില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവ്.

ഹോങ്കോങ്ങില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപ തോമസ് ഫിലിപ്പ് തട്ടിയെടുത്തെന്ന തളിപ്പറമ്പ് സ്വദേശികളുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം നടത്തിയത്. ഹോങ്കോങ്ങിലെ തന്റെ ഇലക്ട്രോണിക്‌സ് കടയില്‍ ജോലിയായിരുന്നു വാഗ്ദാനം. പണം വാങ്ങി മുങ്ങിയ തോമസ് ഫിലിപ്പ് വിസ നല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പൊലീസ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തോമസ് ഫിലിപ്പ് അറസ്റ്റിലായ വിവരമറിഞ്ഞ് ടൗണ്‍ സ്റ്റേഷനിലേക്ക് കൂടുതല്‍ പരാതിക്കാരുടെ വിളിയെത്തി. സംസ്ഥാനത്ത് പലയിടങ്ങളിലായി ഇയാള്‍ക്കെതിരെയുളളത് നൂറിലധികം കേസുകള്‍. തട്ടിയെടുത്തത് ഒരു കോടിയോളം രൂപ. തായ്‌ലന്‍ഡ്, മലേഷ്യ, സിങ്കപ്പൂര്‍, ഫിലപ്പീന്‍സ്, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായിരുന്നു ജോലി വാഗ്ദാനം. നാല് രക്ഷം രൂപ വരെ ഒരോരുത്തരില്‍ നിന്നും വാങ്ങി. ബാങ്കോക്കിലേക്ക് വിമാന ടിക്കറ്റും ഒപ്പം റിട്ടേണ്‍ ടിക്കറ്റും എടുത്തു നല്‍കും. ബാങ്കാക്ക് വിമാനത്താവളത്തിലെത്തിയ ശേഷം കടന്നുകളയുകയായിരുന്നു പതിവ്. തട്ടിയെടുത്ത പണം കൊണ്ട് ആഢംബര ജീവിതം നയിക്കുകയായിരുന്നു തോമസ് ഫിലിപ്പ്. ഫിലിപ്പിന്‍സ് സ്വദേശിനിയെ അടക്കം ആറ് പേരെ വിവാഹം ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.