ദില്ലി: പാകിസ്താനിലെ ജയിലുകളില്‍ അഞ്ഞൂറോളം ഇന്ത്യക്കാര്‍ തടവില്‍ കിടക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ അഭ്യന്തരമന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 996 വിദേശീയരാണ് പാകിസ്താനിലെ വിവിധ ജയിലുകളിലായി കഴിയുന്നത്.
ഇതില്‍ 527 പേര്‍ ഇന്ത്യക്കാരാണ്. അതിലേറെയും മത്സ്യത്തൊഴിലാളികളും. തീവ്രവാദം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, അതിക്രമിച്ചു കടക്കല്‍ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലായാണ് ഇത്രയും പേര്‍ പാകിസ്താന്‍ ജയിലിലായത്. ഭൂരിപക്ഷം പേരും അകത്തായത് മത്സ്യബന്ധനത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിനാണ്.
കഴിഞ്ഞ മാസം മാത്രം 55 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പാകിസ്താന്‍ മാരിഫോഴ്‌സിന്റെ പിടിയിലായിരുന്നു. കൃത്യമായി അതിര്‍ത്തി നിര്‍ണയിക്കാത്തതിനാല്‍ ഇരുരാജ്യത്തേയും മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് ജയിലിലാവുന്നത് പതിവ് സംഭവമാണ്. മരബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോവുന്ന തൊഴിലാളികള്‍ക്ക് അതിര്‍ത്തി തിരിച്ചറിയാന്‍ പലപ്പോഴും സാധിക്കാറില്ല. അതേസമയം നൂറോളം രാജ്യങ്ങളിലായി 9476 പാകിസ്താന്‍കാര്‍ ജയിലില്‍ കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
