ചെന്നൈ: തമിഴ്‌നാട്ടിലെ കുഴിത്തുറയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധം രാത്രിയിലും തുടരുന്നു. കാണാതായ 1500 ലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നവശ്യപ്പെട്ടാണ് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും പ്രതിഷേധം നടത്തുന്നത്. രാവിലെ തുടങ്ങിയ പ്രതിഷേധം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

കുഴിത്തുറ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചുകൊണ്ടാണ് കന്യാകുമാരിയിലെ 8 ഗ്രാമങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. 6000ഓളം പ്രതിഷേധകരാണ് റെയില്‍വേ സ്റ്റേഷനില്‍ തടിച്ചുകൂടിയിരിക്കുന്നത്. 

കന്യാകുമാരി ജില്ലാകളക്ടര്‍ സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചെങ്കിലും പ്രതിഷേധത്തില്‍നിന്ന് പിന്മാറാന്‍ ഇവര്‍ തയ്യാറല്ല. ട്രാക്കില്‍നിന്ന് മാറാതെ പ്രതിഷേധം ശക്തമാക്കുകയാണ് ഇവര്‍. 

834 പേരെ കാണാതായെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തെരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്നുമടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. 

കേരളത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതുപോലെ തങ്ങള്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി നേരിട്ടെത്തി ഉറപ്പ് നല്‍കണമെന്നുമെല്ലാമാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവരെ ഇതുവരെയും കണ്ടെത്താത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചത്.