ദില്ലി റാം മനോഹര്‍ ആശുപത്രിയിലാണ് രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞത്. ഇതേതുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ഏറെനേരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും അവര്‍ വഴങ്ങാതിരുന്ന സാഹചര്യത്തില്‍ രാഹുല്‍ അവിടെ നിന്നും പിന്‍വാങ്ങുകയായിരുന്നു.

ഒരു പുതിയ ഇന്ത്യയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നതെന്നും മോഡിയുടെ ഇന്ത്യയാണ് ഇതെന്നും സംഭവത്തെ കുറിച്ച് രാഹുല്‍ പ്രതികരിച്ചു. ജനാധിപത്യ വിരുദ്ധ മാനസികാവസ്ഥയാണ് ഇതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍' ഏര്‍പ്പെടുത്താത്തിനെ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ സമരം നടത്തിവന്നിരുന്ന രാം കിഷന്‍ ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്.വിമുക്ത ഭടന്മാരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ കടുത്ത ഒരു ചുവട് ആവശ്യമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

രാം കിഷന്‍ ഗ്രെവാളിന്‍റെ കുടുംബത്തെ കാണുവാന്‍ ശ്രമിച്ച ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡയെയും പോലീസ് തടഞ്ഞിരുന്നു. അതേ സമയം രാഹുലിനെതിരെയുള്ള നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് രംഗത്ത് വന്നു. പോലീസ് അവരുടെ ഡ്യൂട്ടിയാണ് ചെയ്തത് എന്നാണ് മന്ത്രി പറഞ്ഞത്.