ചുറ്റിക കൊണ്ട് തലക്കടിക്കുകയും കത്തിയും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച് മാതാപിതാക്കളെ മുറിവേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. 

മുംബൈ: ഉറങ്ങിക്കിടന്ന മാതാപിതാക്കളെ അതിക്രൂരമായി മർദ്ദിച്ച് ഇരുപതുകാരൻ. മഹാരാഷ്ട്രയിലെ നലാസൊപാരയിലാണ് സംഭവം. ജാന്‍മേഷ് പവാര്‍ എന്ന യുവാവാണ് അച്ഛന്‍ നരേന്ദ്ര(55)നെയും അമ്മ നര്‍മ്മദയെയും (50) ക്രൂരമായി ആക്രമിച്ചത്. ചുറ്റികകൊണ്ട് തലക്കടിക്കുകയും കത്തിയും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച് മാതാപിതാക്കളെ മുറിവേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. 

കഴിഞ്ഞ ദിവസം പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉറങ്ങിക്കിടന്ന പിതാവിനെയാണ് ജാന്‍മേഷ് ആദ്യം ആക്രമിച്ചത്. അച്ഛന്റെ കരച്ചിൽ കേട്ടെത്തിയ ജാന്‍മേഷിനെ തടുക്കാന്‍ ശ്രമിക്കവെ അമ്മയെയും ഇയാൾ ചുറ്റികകൊണ്ട് അടിച്ചു. ശേഷം ഇരുവരെയും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് തുണി അടക്കമുള്ള സാധനങ്ങള്‍ ബാഗില്‍ നിറച്ച് സംഭവ സ്ഥലത്തുനിന്നും ജാന്‍മേഷ് രക്ഷപ്പെടുകയും ചെയ്തു.

നര്‍മ്മതയുടെയും നരേന്ദ്രന്റെയും കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ശേഷം ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. രണ്ടാഴ്ച്ച മുൻപാണ് മൂന്നം​ഗ കുടുബം സോപ്പറയിലേക്ക് താമസം മാറിയത്. മുന്‍പ് താമസിച്ച സ്ഥലത്ത് അന്വേഷണം നടത്തിയ പൊലീസിനോട് ജമേഷിനെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞത് നല്ലത് മാത്രമാണ്. അങ്ങനെ ആരോടും സംസാരിക്കാത്ത യുവാവെന്നായിരുന്നു അവരുടെ പ്രതികരണം.

ബികോം അവസാന വര്‍ഷവിദ്യാര്‍ത്ഥിയാണ് ജാന്‍മേഷ്. കൂടാതെ പാര്‍ട്ട് ടൈം ആയി ജോലിയും ചെയ്യുന്നുണ്ട്. മാതാപിതാക്കള്‍ സ്വാതന്ത്ര്യം നല്‍കാത്തതാണ് യുവാവിന്റെ പ്രകോപനത്തിന് പിന്നിലെന്നാണ് ഇവരുമായി ബന്ധമുള്ളവർ പറയുന്നതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പോലും ജാന്‍മേഷിനെ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. പാര്‍ട്ട് ടൈം ആയി ജോലിനോക്കുന്നതിനോട് മാതാപിതാക്കള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.